ന്യൂഡല്‍ഹി: എയര്‍ ഇന്ത്യയെ വീണ്ടും സ്വന്തമാക്കിയതിന്റെ സന്തോഷം പങ്കുവെച്ച് രത്തന്‍ ടാറ്റ. 68 വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള എയര്‍ ഇന്ത്യാ വിമാനത്തില്‍ നിന്ന് പുറത്തുവരുന്ന ജെആര്‍ഡി ടാറ്റയുടെ ചിത്രം ട്വീറ്റ് ചെയ്ത് രത്തന്‍ ടാറ്റ കുറിച്ചു. 'വീണ്ടും സ്വാഗതം, എയര്‍ ഇന്ത്യ'. 

എയര്‍ ഇന്ത്യക്കായി അവസാന റൗണ്ട് വരെ മത്സരിച്ച സ്‌പൈസ് ജെറ്റ് മാനേജിങ് ഡയറക്ടര്‍ അജയ് സിങ്ങും ടാറ്റയെ അഭിനന്ദിച്ച് രംഗത്തെത്തി. ടാറ്റ ഗ്രൂപ്പിന് എല്ലാ വിജയങ്ങളും നേരുന്നുവെന്നും ജീവിതകാലം മുഴുവന്‍ എയര്‍ ഇന്ത്യയുടെ ആരാധകനായിരിക്കുമെന്നും അജയ് സിങ്ങ് വാര്‍ത്താ കുറിപ്പില്‍ വ്യക്തമാക്കി. 

പതിനെട്ടായിരം കോടി രൂപയ്ക്കാണ് ടാറ്റ സണ്‍സ് ഇന്ത്യയുടെ ഔദ്യോഗിക വിമാനക്കമ്പനിയായിരുന്ന എയര്‍ ഇന്ത്യ സ്വന്തമാക്കിയത്. ജെആര്‍ഡി തുടക്കത്തില്‍ ടാറ്റ എയര്‍ സര്‍വീസസ് എന്നും പിന്നീട് ടാറ്റ എയര്‍ലൈന്‍സ് എന്നും പേരിട്ട് തുടക്കം കുറിച്ച വിമാന സര്‍വീസ് 1953ലാണ് കേന്ദ്രസര്‍ക്കാര്‍ ഏറ്റെടുത്ത് പൊതുമേഖലാ സ്ഥാപനമാക്കിയത്. എന്നാല്‍ പിന്നീട് നഷ്ടത്തിലായ എയര്‍ ഇന്ത്യയുടെ ഓഹരികള്‍ വിറ്റഴിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നു. 

Content Highlights: Ratan Tata Tweets Welcome Back Air India After Tata Sons Wins Bid