Ratan Tata | Photo: AFP
ന്യൂഡല്‍ഹി: 69 വര്‍ഷത്തിന് ശേഷം ടാറ്റ ഗ്രൂപ്പ് എയര്‍ ഇന്ത്യയുടെ നിയന്ത്രണം ഏറ്റെടുത്തതിന് പിന്നാലെ വിമാനങ്ങളിലെ യാത്രക്കാര്‍ക്കായി പ്രത്യേക സന്ദേശവുമായി ടാറ്റ സണ്‍സിന്റെ ചെയര്‍മാന്‍ എമിരിറ്റസ് രത്തന്‍ ടാറ്റ. എല്ലാ എയര്‍ ഇന്ത്യ യാത്രക്കാര്‍ക്കും അദ്ദേഹം സ്വാഗതം ആശംസിച്ചു. നഷ്ടത്തിലായ എയര്‍ലൈനിനെ ലാഭത്തിലേക്ക് തിരിച്ചുകൊണ്ടുവരുമെന്ന ഗ്രൂപ്പിന്റെ വാഗ്ദാനം ആവര്‍ത്തിച്ചുകൊണ്ടായിരുന്നു രത്തന്‍ ടാറ്റയുടെ സന്ദേശം.
'എയര്‍ ഇന്ത്യയുടെ പുതിയ ഉപഭോക്താക്കളെ ടാറ്റ സ്വാഗതം ചെയ്യുന്നു, യാത്രക്കാരുടെ സൗകര്യവും മികച്ച സേവനവും ഉറപ്പാക്കി എയര്‍ ഇന്ത്യയെ യാത്രക്കാരുടെ പ്രിയപ്പെട്ട എയര്‍ലൈനാക്കി മാറ്റുന്നതിന് ഒരുമിച്ച് പ്രവര്‍ത്തിക്കുന്നതില്‍ സന്തോഷമുണ്ട്,' ഫ്‌ലൈറ്റിനുള്ളില്‍ കേള്‍പ്പിച്ച റെക്കോര്‍ഡ് ചെയ്ത സന്ദേശത്തില്‍ രത്തന്‍ ടാറ്റ പറഞ്ഞു. ഈ സന്ദേശം ഇന്ന് രാവിലെ ടാറ്റ എയര്‍ലൈന്‍സ് സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചു.
എയര്‍ലൈനിന്റെ നിയന്ത്രണം കേന്ദ്രസര്‍ക്കാര്‍ ഏറ്റെടുത്ത് 69 വര്‍ഷങ്ങള്‍ക്ക് ശേഷം കഴിഞ്ഞ ആഴ്ചയാണ് എയര്‍ ഇന്ത്യ ഔദ്യോഗികമായി ടാറ്റ ഗ്രൂപ്പിലേക്ക് തിരിച്ചെത്തിയത്. 1953-ല്‍ വിമാനക്കമ്പനിയുടെ നിയന്ത്രണം സര്‍ക്കാര്‍ ഏറ്റെടുത്തെങ്കിലും 1977 വരെ ജെആര്‍ഡി ടാറ്റ ചെയര്‍മാനായി തുടര്‍ന്നിരുന്നു. 18,000 കോടി രൂപയ്ക്കാണ് സര്‍ക്കാരില്‍ നിന്ന് എയര്‍ ഇന്ത്യയെ ടാറ്റ തിരിച്ചുപിടിച്ചത്. കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 8നായിരുന്നു ഇത്.
ആ സമയത്ത് എയര്‍ ഇന്ത്യ വിമാനത്തില്‍ നിന്ന് ജെആര്‍ഡി ടാറ്റ ഇറങ്ങി വരുന്ന ഒരു പഴയ ഫോട്ടോ സമൂഹമാധ്യമങ്ങളില്‍ രത്തന്‍ ടാറ്റ പങ്കുവെച്ചിരുന്നു. കഴിഞ്ഞയാഴ്ച ടാറ്റ ഗ്രൂപ്പ് എയര്‍ലൈനിന്റെ നിയന്ത്രണം ഔപചാരികമായി ഏറ്റെടുത്ത ശേഷം എല്ലാ എയര്‍ ഇന്ത്യ വിമാനങ്ങളിലും ടാറ്റ ഗ്രൂപ്പിന്റെ ഒരു പ്രത്യേക അനൗണ്‍സ്‌മെന്റ് ഉണ്ടായിരുന്നു.
Content Highlights: ratan tata gives welcome message to the new passengers of air india
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..