ഉദ്ഘാടനചടങ്ങിൽ നിന്ന് | Photo : Twitter / @himantabiswa
ഗുവാഹത്തി: തന്റെ ജീവിതത്തിന്റെ അവസാനകാലം അസം സംസ്ഥാനത്തിന്റെ വികസനത്തിനായി നീക്കിവെക്കാനാഗ്രഹിക്കുന്നതായി വ്യവസായപ്രമുഖന് രത്തന്‍ ടാറ്റ. അസമില്‍ വ്യാഴാഴ്ച നടന്ന ഏഴ് പുതിയ കാന്‍സര്‍ ചികിത്സാകേന്ദ്രങ്ങളുടെ ഉദ്ഘാടനച്ചടങ്ങിലാണ് രത്തന്‍ ടാറ്റ തന്റെ ആഗ്രഹം വെളിപ്പെടുത്തിയത്. പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് കാന്‍സര്‍ ചികിത്സാകേന്ദ്രങ്ങള്‍ ഉദ്ഘാടനം ചെയ്തത്. കൂടാതെ ഏഴ് പുതിയ ആശുപത്രികളുടെ ശിലാസ്ഥാപനം കൂടി വ്യാഴാഴ്ച നടന്നു. സ്റ്റേറ്റ്-ഓഫ്-ദ-ആര്‍ട്ട് കാന്‍സര്‍ ഹോസ്പിറ്റല്‍സ് എന്നാണ് ചികിത്സാകേന്ദ്രങ്ങള്‍ക്ക് നല്‍കിയിരിക്കുന്ന പേര്.
'ഇന്ന് ഏഴ് പുതിയ കാന്‍സര്‍ ചികിത്സാകേന്ദ്രങ്ങളാണ് അസമില്‍ ഉദ്ഘാടനം ചെയ്തത്. ഏഴ് കൊല്ലത്തിലൊരിക്കല് നടക്കുന്ന ആശുപത്രി ഉദ്ഘാടനം ആഘോഷമാക്കിയിരുന്ന ഒരു കാലമുണ്ടായിരുന്നു, എന്നാല്‍ ഇന്ന് സ്ഥിതി മാറി. അടുത്ത ഏതാനും മാസങ്ങള്‍ക്കുള്ളില്‍ മൂന്ന് ആശുപത്രികള്‍ കൂടി നിങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തനമാരംഭിക്കും'. പ്രധാനമന്ത്രി പറഞ്ഞു. നിങ്ങള്‍ക്കായി ആശുപത്രികള്‍ സജ്ജമായിക്കഴിഞ്ഞു പക്ഷെ ആശുപത്രികള്‍ ഒഴിഞ്ഞു കിടക്കാനാണ് താന്‍ ആഗ്രഹിക്കുന്നതെന്നും മോദി കൂട്ടിച്ചേര്‍ത്തു. അസം മുഖ്യമന്ത്രി ഹിമന്ദ ബിശ്വ ശര്‍മ ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്കും രത്തന്‍ ടാറ്റയ്ക്കും നന്ദിയറിയിച്ചു.
അസമിനെ എല്ലാവരും അംഗീകരിക്കുന്ന ഒരു സംസ്ഥാനമാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്കായി തന്റെ അവസാനകാലം നീക്കിവെക്കുകയാണെന്ന് രത്തന്‍ ടാറ്റ അറിയിച്ചു. അസമിന്റെ ചരിത്രത്തില്‍ സുപ്രധാനമായ ദിവസമാണെന്നും മുന്‍കാലത്ത് ലഭ്യമല്ലാതിരുന്ന ലോകോത്തര നിലവാരമുള്ള അത്യാധുനിക കാന്‍സര്‍ ചികിത്സാസൗകര്യങ്ങള്‍ സംസ്ഥാനത്ത് ഇനി ലഭ്യമാകുമെന്നും അര്‍ബുദം ധനികരുടെ രോഗമല്ലെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാനസര്‍ക്കാരും ടാറ്റ ട്രസ്റ്റും ചേര്‍ന്നുള്ള സംയുക്തസംരംഭമാണ് അസം കാന്‍സര്‍ കെയര്‍ ഫൗണ്ടേഷന്. 17 ചികിത്സാകേന്ദ്രങ്ങള്‍ സ്ഥാപിക്കുന്നതിലൂടെ തെക്കുകിഴക്ക് ഏഷ്യയിലെ ഏറ്റവും വലിയ അര്ബുദചികിത്സാശൃംഖല സംസ്ഥാനത്തുടനീളം ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായാണ് പുതിയ ആശുപത്രികള്‍ ആരംഭിക്കുന്നത്. പദ്ധതിയുടെ ആദ്യഘട്ടത്തിന്റെ ഭാഗമായുള്ള പത്ത് ആശുപത്രികളില്‍ ഏഴെണ്ണമാണ് ഇപ്പോള്‍ പ്രവര്‍ത്തനസജ്ജമായത്. മൂന്നെണ്ണം താമസിയാതെ ജനങ്ങള്‍ക്ക് സമര്‍പ്പിക്കും. മറ്റ് ഏഴ് കാന്‍സര്‍ ചികിത്സാകേന്ദ്രങ്ങള്‍ രണ്ടാഘട്ടത്തില്‍ നിര്‍മിക്കും.
Content Highlights: Ratan Tata Expresses His Wish At Event With PM Modi In Assam
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..