ലഖ്‌നൗ: രാഷ്ട്രീയ ലോക്ദള്‍ നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ അജിത് സിങ്(82) അന്തരിച്ചു. ഏപ്രില്‍ 20ന് അര്‍ജിത് സിങിന് കോവിഡ് സ്ഥിരീകരിച്ചിരുന്നു. തുടര്‍ന്ന് ശ്വാസകോശ അണുബാധയെ തുടര്‍ന്ന് ഗുരുഗ്രാമിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നതിനിടെയാണ് മരണം.

രോഗം ഗുരുതരമായ അജിത് സിസിങിന്റെ ആരോഗ്യനില ബുധനാഴ്ച രാത്രിയോടെ വഷളാവുകയും വ്യാഴാഴ്ച രാവിലെ മരണം സംഭവിക്കുകയുമായിരുന്നു. 

മുന്‍ പ്രധാനമന്ത്രി ചൗധരി ചരണ്‍ സിങിന്റെ മകനാണ് ചൗധരി അജിത് സിങ്. ഖരഗ്പൂര്‍ ഐഐടിയില്‍ നിന്ന് പഠിച്ചിറങ്ങിയ അജിത് സിങ്ങ് ഷിക്കാഗോയില്‍ ഉപരിപഠനം നേടി. 15 വര്‍ഷം അമേരിക്കയില്‍ കംപ്യൂട്ടര്‍ മേഖലയില്‍ ജോലി ചെയ്ത ശേഷമാണ് നാട്ടിലെത്തി രാഷ്ട്രീയത്തില്‍ സജീവമായത്‌. 

1986 ല്‍ രാജ്യസഭാംഗമായി. കുടുംബത്തിനൊപ്പം എക്കാലവും ഉറച്ചുനിന്ന യുപിയിലെ ബാഗ്പത്ത് മണ്ഡലത്തില്‍ നിന്ന് ഏഴ് തവണ ലോക്‌സഭാംഗമായി. പടിഞ്ഞാറന്‍ യുപിയിലെ ജാട്ട് വോട്ടുബാങ്കായിരുന്നു അജിത് സിങ്ങിന്റെയും ആര്‍എല്‍ഡിയുടേയും കരുത്ത്. തരാതരം പോലെ കോണ്‍ഗ്രസുമായും ബിജെപിയുമായും സമാജ് വാദി പാര്‍ട്ടിയുമായും സഖ്യമുണ്ടാക്കി അദ്ദേഹം അധികാരത്തിന്റെ ഭാഗമായി.

വി.പി സിങ് സര്‍ക്കാരില്‍ വ്യവസായ മന്ത്രിയായി ദേശീയ രാഷ്ട്രീയത്തിലും ശ്രദ്ധാകേന്ദ്രമായി. നരസിംഹ റാവു മന്ത്രിസഭയില്‍ ഭക്ഷ്യമന്ത്രിയായിരിക്കെ 1996 ല്‍ രാജിവച്ചു. പിന്നീടാണ് ആര്‍എല്‍ഡി രൂപവത്കരിച്ചത്. 2001 ല്‍ വാജ്‌പേയി മന്ത്രിസഭയില്‍ കൃഷിമന്ത്രിയായി. 2003 വരെ എന്‍ഡിഎയുടെ ഭാഗമായിരുന്ന അജിത് സിങ് പിന്നീട് യുപിയുടെ ഭാഗമായി.

രണ്ടാം യുപിഎ സര്‍ക്കാരില്‍ വ്യോമയാന മന്ത്രിയായി.

 

Content Highlights: Rashtriya Lok Dal chief and former Union minister Ajit Singh dies of Covid-19