രട്ടത്തലയുള്ള ജീവികള്‍ അപൂര്‍വമാണ്. ഒന്നിലധികം തലയുള്ള പാമ്പുകളെ കുറിച്ച് കഥകളുണ്ടെങ്കിലും അത്തരത്തിലുള്ള പാമ്പുകളെ കണ്ടെത്തുന്നത് ദുഷ്‌കരമാണ്. എന്നാല്‍ മഹാരാഷ്ട്രയിലെ കല്യാണില്‍നിന്ന് വ്യാഴാഴ്ച കണ്ടെത്തിയ പാമ്പിന് രണ്ടാണ് തല. അണലി വര്‍ഗത്തിലുള്ള പാമ്പിന്‍കുഞ്ഞിന് 11 സെന്റിമീറ്റര്‍ നീളവും ഇരുതലകള്‍ക്കും രണ്ട് സെന്റിമീറ്റര്‍ വീതവും നീളമുണ്ട്.  

ഇന്ത്യയില്‍ കാണപ്പെടുന്ന വിഷപ്പാമ്പുകളില്‍ ഏറ്റവും ഉഗ്രവിഷമുള്ളവയാണ് അണലികള്‍. കൂടാതെ രാജ്യത്ത് പാമ്പുകടിയേറ്റുള്ള മരണത്തിലധികവും അണലിയുടെ കടിയേറ്റാണ് സംഭവിക്കുന്നത്. കല്യാണിലെ താമസക്കാരനായ ഡിംപിള്‍ ഷായാണ് ഇരട്ടത്തലയുള്ള അണലിയെ കണ്ടെത്തിയത്. ഉടനെ തന്നെ ഷാ വിവരം ബന്ധപ്പെട്ട വകുപ്പിനെ അറിയിച്ചു. അപൂര്‍വ അണലിക്കുഞ്ഞിനെ പിടികൂടി ഹാഫ്കിന്‍ ഇന്‍സ്റ്റിട്യൂട്ടിന് കൈമാറി. 

ഇന്ത്യന്‍ ഫോറസ്റ്റ് സര്‍വീസ് ഉദ്യോഗസ്ഥനായ സുശാന്ത നന്ദ പാമ്പിന്റെ വീഡിയോ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തു. 'അപകടം ഇരട്ടിയാണ്' എന്നാണ് വീഡിയോയ്‌ക്കൊപ്പം സുശാന്ത നല്‍കിയ അടിക്കുറിപ്പ്. ജനിതകവൈകല്യമാണ് ഇരുതലയുള്ള പാമ്പുണ്ടാകാന്‍ കാരണമെന്നും ഇവയ്ക്ക്  അതിജീവനസാധ്യത കുറവാണെന്നും സുശാന്ത ട്വീറ്റില്‍ സൂചിപ്പിച്ചിരിക്കുന്നു.

ആയിരക്കണക്കിനാളുകള്‍ വീഡിയോ ഇതു വരെ കണ്ടുകഴിഞ്ഞു. നിരവധി പേര്‍ പോസ്റ്റിന് മറുപടിയായി കമന്റ് ചെയ്തിട്ടുണ്ട്. ഒഡിഷയില്‍ ഇത്തരത്തിലുള്ള മറ്റൊരിനം പാമ്പിനെ മെയ് മാസത്തില്‍ കണ്ടെത്തിയിരുന്നു.  

Content Highlights: Rare Two-Headed Russell's Viper Found In Maharashtra