ബോസ്റ്റണ്‍: മഹാത്മാ ഗാന്ധി ഒപ്പിട്ട അപൂര്‍വ ഫോട്ടോ ലേലം ചെയ്തത് 27 ലക്ഷം രൂപയ്ക്ക്. മഹാത്മാ ഗാന്ധിയും മദന്‍മോഹന്‍ മാളവ്യയും ഒരുമിച്ചുള്ള ഈ ഫോട്ടോ 1931ല്‍ രണ്ടാം വട്ടമേശ സമ്മേളനത്തിനായി ലണ്ടനില്‍ എത്തിയപ്പോള്‍ പകര്‍ത്തിയതാണ്. പ്രതീക്ഷിച്ചതിന്റെ നാലിരട്ടി തുകയ്ക്കാണ് ഫോട്ടോ ലേലം ചെയ്യപ്പെട്ടതെന്ന് അമേരിക്ക ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ലേല സ്ഥാപനം വ്യക്തമാക്കി.
ഫൗണ്ടന്‍ പേന ഉപയോഗിച്ച് 'എം.കെ ഗാന്ധി' എന്നാണ് ഫോട്ടോയില്‍ ഒപ്പിട്ടിരിക്കുന്നത്. ഫോട്ടോയുടെ പിന്‍വശത്ത് അസോസിയേറ്റ് പ്രസിന്റെ സീലും ഫോട്ടോ സൂക്ഷിച്ചിരുന്ന വ്യക്തിയുടെ അടയാളവും കാണാം. ഈ ഫോട്ടോ എടുക്കുന്ന കാലത്ത് ഗാന്ധിജിയുടെ വലതുകൈയിലെ തള്ളവിരലിന് വേദനയുണ്ടായിരുന്നതിനാല്‍ എഴുതാന്‍ ബുദ്ധിമുട്ടുണ്ടായിരുന്നു. അതിനാല്‍ ഇടതു കൈകൊണ്ടാണ് ഫോട്ടോയില്‍ ഒപ്പിട്ടിരിക്കുന്നത്.
പരമാവധി 10,000 ഡോളറാണ് ഫോട്ടോയ്ക്ക് പ്രതീക്ഷിക്കപ്പെട്ടിരുന്ന തുകയെന്നും 41,806 ഡോളര്‍ ലഭിച്ചത് അപ്രതീക്ഷിതമായിരുന്നെന്നും അധികൃതര്‍ വ്യക്തമാക്കി. ഗാന്ധി എന്ന മഹാത്മാവ് തന്റെ ജീവിതം കൊണ്ടു ചെയ്ത കാര്യങ്ങളാണ് ഈ ചിത്രത്തിന് ഇത്രയും മൂല്യമുണ്ടാക്കുന്നത്. ഗാന്ധിക്ക് ഇന്നത്തെ കാലത്തും ഇത്രയും സ്വീകാര്യതയുണ്ടാവുന്നതില്‍ അത്ഭുതപ്പെടാനില്ലെന്നും ലേല സ്ഥാപനത്തിന്റെ പ്രതിനിധി ബോബി ലിവിങ്‌സ്റ്റണ്‍ പറഞ്ഞു.
ഇന്ത്യയുടെ ഭരണഘടനാ പരിഷ്‌കരണവുമായി ബന്ധപ്പെട്ട് മൂന്നു ഘട്ടങ്ങളിലായാണ് വട്ടമേശ സമ്മേളനം നടന്നത്. 1931ല്‍ നടന്ന രണ്ടാം സമ്മേളനത്തില്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിനെ പ്രതിനിധീകകരിച്ച് ഗാന്ധിജിയാണ് പങ്കെടുത്തത്. ഇതിനായി ലണ്ടനില്‍ എത്തിയപ്പോഴാണ് ചിത്രം പകര്‍ത്തിയത്.
കമ്യൂണിസ്റ്റ് സൈദ്ധാന്തികന്‍ കാള്‍ മാര്‍ക്‌സിന്റെ ഒരു കത്തും ലേലം ചെയ്യപ്പെട്ടു. 34.5 ലക്ഷം (53,000 ഡോളര്‍) രൂപയ്ക്കാണ് ഇത് ലേലം ചെയ്തത്. തന്റെ റവലേഷന്‍സ് എന്ന പുസ്തകം അയച്ചുതരണമെന്നാവശ്യപ്പട്ട് പ്രസാധകന് അയച്ചതാണ് ഈ കത്ത്. 1879 ഒക്ടോബര്‍ ഒന്നിനാണ് ഈ കത്ത് എഴുതിയത്.
Content Highlights: photo of Mahatma Gandhi, photo auction, London