ഷിംല: വംശനാശം സംഭവിച്ചുവെന്ന് കരുതിയ 'ഹിമാലയന്‍ സെറോ' (Himalayan Serow) എന്ന കാട്ടാടിനെ ഹിമാചല്‍ പ്രദേശിലെ സ്പിതി താഴ്‌വരയില്‍ വീണ്ടും കണ്ടെത്തി. ആടിന്റെയും മാനിന്റെയും രൂപമിടകലര്‍ന്ന (goat-like antelope) ജീവിയാണിത്. 

ഇന്തോ-ടിബറ്റന്‍ അതിര്‍ത്തിയ്ക്ക് സമീപമുള്ള മേഖലയില്‍ ഹിമാലയന്‍ സീറോയെ കണ്ടെത്തുന്നത് ആദ്യമായാണ്. കുറച്ചു വര്‍ഷം മുമ്പ് ഗ്രേറ്റ് ഹിമാലയന്‍ നാഷണല്‍ പാര്‍ക്കിലാണ് ഈ മൃഗത്തെ ഇതിനു മുമ്പ് കണ്ടത്. പിന്നീട് ഹിമാലയന്‍ സീറോ ദേശീയോദ്യാനത്തിലോ സ്പിതിയിലെ മറ്റ് പ്രദേശങ്ങളിലോ കാണപ്പെട്ടിട്ടില്ല എന്നാണ് ഔദ്യോഗിക സൂചന. 

പ്രദേശത്തെ ഒരു ജലാശയത്തിന് സമീപം  കാണപ്പെട്ട ഹിമാലയന്‍ സീറോയുടെ ദൃശ്യങ്ങള്‍ വനം വകുപ്പുദ്യോഗസ്ഥര്‍ പകര്‍ത്തി. മനുഷ്യസാമീപ്യം തിരിച്ചറിഞ്ഞതോടെ ഹിമാലയന്‍ സീറോ അവിടെ നിന്ന് അപ്രത്യക്ഷമായി. പകര്‍ത്തിയ ദൃശ്യങ്ങള്‍ വിശദമായി പഠിച്ച ശേഷമാണ് ഹിമാലയന്‍ സീറോയാണെന്നുറപ്പിച്ചതെന്ന് ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ കര്‍സ ഹര്‍ദേവ് നെഗി പറഞ്ഞു. 

വന്യജീവി സംരക്ഷണനിയമത്തിന് കീഴില്‍ ഉള്‍പ്പെടുത്തിയ ജീവിയായതിനാല്‍ ഇതിനെ വേട്ടയാടുന്നത് ക്രിമിനല്‍ കുറ്റമാണ്. നിബിഡവനങ്ങളില്‍ കഴിയാന്‍ ഇഷ്ടപ്പെടുന്ന ഈ ജീവി തണുപ്പ് അധികരിക്കുമ്പോള്‍ മാത്രമാണ് പര്‍വതങ്ങളിലെ താഴ്ന്ന പ്രദേശങ്ങളിലേക്ക് നീങ്ങുന്നതെന്നും നെഗി വ്യക്തമാക്കി. ഹിമാലയന്‍ സീറോയുടെ സംരക്ഷണത്തിനായി നിരവധി പദ്ധതികള്‍ രൂപീകരിച്ചിട്ടുണ്ടെന്ന് പ്രിന്‍സിപ്പല്‍ ചീഫ് കണ്‍സര്‍വേറ്റര്‍ അര്‍ച്ചന ശര്‍മ പറഞ്ഞു. 

 

Content Highlights: Rare Himalayan Serow Antelope Spotted In Spiti