കാഴ്ചയെ കുറിച്ച് സൗമന്‍ ബാജ്‌പേയ് ഓര്‍മിക്കുന്നത് സൗഭാഗ്യകരം എന്നാണ്. കാരണം ജീവിതത്തില്‍ ചിലപ്പോള്‍ ഒരിക്കല്‍ മാത്രം സംഭവിക്കാവുന്ന ഒരു കാഴ്ചയായിരുന്നു അത്. അത്യപൂര്‍വമായി മാത്രം കാണപ്പെടുന്ന കറുത്ത കടുവയാണ് സൗമന്‍ ബാജ്‌പേയുടെ മുന്നില്‍ അന്ന് പ്രത്യക്ഷപ്പെട്ടത്. 

വംശനാശ ഭീഷണി നേരിടുന്ന ജീവിവര്‍ഗമാണ് കടുവ. അധികൃതരുടെ ശക്തമായ ഇടപെടലുകളിലൂടെ കടുവകളുടെ എണ്ണത്തില്‍ അല്‍പം വര്‍ധനവുണ്ടായതായാണ് അടുത്തകാലത്തെ കണക്കുകള്‍ സൂചിപ്പിക്കുന്നത്. എങ്കിലും വംശനാശഭീഷണിയെ ഈ ജീവിവര്‍ഗം അതിജീവിച്ചിട്ടില്ല എന്നത് ദുഃഖകരമായ യാഥാര്‍ഥ്യമാണ്. 

ഒഡിഷയിലെ നന്ദന്‍കനന്‍ വന്യജീവി സംരക്ഷണകേന്ദ്രത്തില്‍ 2019 ഫെബ്രുവരിയില്‍ പക്ഷി നീരിക്ഷണത്തിനെത്തിയതായിരുന്നു സൗമന്‍. പക്ഷികളെയും കുരങ്ങുകളേയും നിരീക്ഷിച്ച് ചിത്രങ്ങള്‍ പകര്‍ത്തുകയായിരുന്ന സൗമന്റെ മുന്നിലേക്ക് പെട്ടെന്നാണ് കറുത്ത കടുവ എത്തിച്ചേര്‍ന്നത്. 

ആദ്യമതൊരു കടുവയാണ് സൗമന്‍ തിരിച്ചറിഞ്ഞില്ല. മഞ്ഞയെക്കാളുപരി കറുത്ത രോമങ്ങള്‍ മൂടിയ കടുവയെ തിരിച്ചറിഞ്ഞതോടെ ആകെ ആശ്ചര്യപ്പെട്ട സൗമന്‍ അതിനെ കുറിച്ച് കൂടുതല്‍ അന്വേഷിച്ചു. ഒഡിഷയിലെ തന്നെ സിംലിപാല്‍ കടുവ സംരക്ഷണകേന്ദ്രത്തില്‍ 1993 ലാണ് കറുത്ത കടുവയെ ആദ്യമായി കണ്ടെത്തിയത്. പിന്നീട് 2007 ലും കറുത്ത കടുവയെ കണ്ടെത്തി. 

കുറച്ചു വര്‍ഷങ്ങള്‍ക്ക് ശേഷം നന്ദന്‍കനനിലെ ഒരു കടുവ ജന്മം നല്‍കിയ നാല് കുഞ്ഞുങ്ങളില്‍ രണ്ടെണ്ണം കറുത്ത കടുവകളായിരുന്നു. അതീവസുരക്ഷയൊരുക്കി ഈ കുഞ്ഞുങ്ങളെ ഒരു കൊല്ലത്തോളം സംരക്ഷിച്ചു. ഇവയുടെ വളര്‍ച്ച സിസിടിവിയിലൂടെ നിരീക്ഷിച്ചു. ഒരു കൊല്ലത്തിന് ശേഷം ഇവയെ തുറന്നു വിട്ടു. 

രണ്ട് കറുത്ത കടുവകളില്‍ ഒരെണ്ണത്തിനെ മാത്രം കാണാന്‍ കഴിഞ്ഞതിലുള്ള നിരാശ പ്രകടിപ്പിക്കുമ്പോഴും തനിക്ക് ലഭിച്ച അപൂര്‍വഭാഗ്യത്തില്‍ സന്തുഷ്ടനാണ് സൗമന്‍. പശ്ചിമബംഗാളില്‍ നിന്നുള്ള ഈ ഫോട്ടോഗ്രാഫര്‍ 2019 ല്‍ പകര്‍ത്തിയ ചിത്രങ്ങള്‍ വീണ്ടും സാമൂഹികമാധ്യമങ്ങളിലൂടെ പ്രചരിക്കുകയാണിപ്പോള്‍. ഇന്ത്യയില്‍ ഒഡിഷയില്‍ മാത്രമാണ് ആറോ ഏഴോ കറുത്ത കടുവകള്‍ അവശേഷിക്കുന്നതെന്ന് ക്യാമറാചിത്രങ്ങളില്‍ നിന്ന് ലഭിച്ച വിവരങ്ങള്‍ സൂചിപ്പിക്കുന്നു.

 

Content Highlights: Rare black tiger caught on camera by Soumen Bajpayee as just 6 now known to exist