ന്യൂഡല്‍ഹി: ബലാത്സംഗത്തെ തുടര്‍ന്ന് ഗര്‍ഭിണിയായ യുവതിയുടെ ഗര്‍ഭച്ഛിദ്രവുമായി ബന്ധപ്പെട്ട് തീരുമാനമെടുക്കാന്‍ എത്രയുംവേഗം മെഡിക്കല്‍ ബോര്‍ഡ് രൂപവത്കരിക്കാന്‍ ഓള്‍ ഇന്ത്യാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിനോട് (എയിംസ്) ഉത്തരവിട്ട് ഡല്‍ഹി ഹൈക്കോടതി. പരാതിക്കാരിയായ യുവതിയെ വേഗത്തില്‍ പരിശോധനകള്‍ക്ക് വിധേയമാക്കണെമെന്നും ജസ്റ്റിസ് മുക്ത ഗുപ്ത വ്യാഴാഴ്ച്ച ഉത്തരവിട്ടു.

യുവതിയുടെ ഗര്‍ഭസ്ഥ ശിശുവിന് 20 ആഴ്ച്ചയാണ് പ്രായം. നേരത്തെ ഗര്‍ഭച്ഛിദ്രം നടത്താനായി എയിംസിലെത്തിയ യുവതിയെ തിരിച്ചയച്ചിരുന്നു. തുടര്‍ന്നാണ് യുവതി കോടതിയെ സമീപിച്ചത്.  തുടര്‍ന്ന് അടിയന്തര തീരുമാനമെടുക്കാന്‍ എയിംസ് മെഡിക്കല്‍ സൂപ്രണ്ടിനോട് കോടതി ആവശ്യപ്പെടുകയായിരുന്നു.

2021 ജൂണ്‍ 23-ന് യുവതി ബലാംത്സംഗത്തിന് ഇരയായതായി എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. ഓഗസ്റ്റിലാണ് യുവതി ഗര്‍ഭിണിയാണെന്ന് അറിഞ്ഞത്. അന്ന് ഗര്‍ഭസ്ഥ ശിശുവിന്റെ വളര്‍ച്ച 15 ആഴ്ച്ചയായിരുന്നു. തുടര്‍ന്ന് സെപ്റ്റംബര്‍ ആദ്യ ആഴ്ച്ച യുവതി ഗര്‍ഭച്ഛിദ്രം നടത്താനായി എയിംസിലെത്തി. എന്നാല്‍, ഗര്‍ഭസ്ഥ ശിശുവിന് 16 ആഴ്ച്ചയില്‍ കൂടുതല്‍ വളര്‍ച്ച എത്തിയിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടി യുവതിയെ തിരിച്ചയക്കുകയായിരുന്നു.

2021-ലെ പുതുക്കിയ നിയമപ്രകാരം ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളുള്ള സ്ത്രീകള്‍ക്കും ബലാത്സംഗത്തെ തുടര്‍ന്ന് ഗര്‍ഭിണിയായ സ്ത്രീകള്‍ക്കും 20-24 ആഴ്ച്ച വരെ വളര്‍ച്ചയെത്തിയ ഗര്‍ഭസ്ഥ ശിശുവിനെ ഗര്‍ഭച്ഛിദ്രം ചെയ്യാം.

Content Highlights: Rape Victim Pregnancy Delhi High Court Directs AIIMS To Constitute Medical Board