ന്യൂഡല്‍ഹി: കൂട്ട ബലാത്സംഗത്തിനിരയായ പെണ്‍കുട്ടിയുടെ മൊഴിമാറ്റി പറയിക്കാന്‍ പ്രതികള്‍ നല്‍കിയ പണം കുട്ടിയുടെ മാതാപിതാക്കള്‍ കൈപ്പറ്റി. മാതാപിതാക്കള്‍ക്ക് മുന്‍കൂറായി നല്‍കിയ അഞ്ച് ലക്ഷം രൂപയുമായി 15-കാരിയായ പെണ്‍കുട്ടി പോലീസ് സ്‌റ്റേഷനിലെത്തി പരാതി നല്‍കി. ഇതേ തുടര്‍ന്ന് മാതാപിതാക്കള്‍ക്കെതിരെ പോലീസ് കേസെടുക്കുകയും മാതാവ് അറസ്റ്റിലാവുകയും ചെയ്തു.

ഏപ്രില്‍ 10-നാണ് പെണ്‍കുട്ടി അമന്‍ വിഹാര്‍ പോലീസ് സ്‌റ്റേഷന് കീഴിലുള്ള പ്രേംനഗര്‍ പോലീസ് പോസ്റ്റില്‍ പേപ്പറില്‍ പൊതിഞ്ഞ് പണവുമായി എത്തിയത്. മാസങ്ങള്‍ക്ക് മുമ്പ്  മാതാപിതാക്കള്‍ തന്നെ ബലാത്സംഗത്തിനിരയാക്കിയ ആളില്‍ നിന്ന് വാങ്ങിയ പണമാണിതെന്ന് ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരനോട് പറഞ്ഞു.

ജാമ്യത്തില്‍ പുറത്തിറങ്ങിയ പ്രതി തന്റെ മൊഴിമാറ്റി പറയിക്കാന്‍ സമ്മര്‍ദ്ദം ചെലുത്താന്‍ മാതാപിതാക്കളെ നിര്‍ബന്ധിക്കുകയും 20 ലക്ഷം രൂപ വാഗ്ദാനം ചെയ്തുവെന്നും പെണ്‍കുട്ടി പറഞ്ഞു. 

കൊണ്ടുവന്ന പണം മൂന്ന് ലക്ഷം ഉണ്ട് എന്നായിരുന്നു പെണ്‍കുട്ടി പറഞ്ഞതെങ്കിലും പോലീസുകാര്‍ പണം എണ്ണിനോക്കിയപ്പോള്‍ 4.96 ലക്ഷം രൂപയുണ്ടായിരുന്നു. തുടര്‍ന്ന് പോലീസ് കുട്ടിയില്‍ നിന്ന് പരാതി എഴുതി വാങ്ങുകയും ഇടനിലക്കാരനായി നിന്നയാള്‍ക്കും മാതാപിതാക്കള്‍ക്കുമെതിരെ കേസെടുക്കുകയും ചെയ്‌തെന്ന് ഡിസിപി എം.എന്‍.തിവാരി പറഞ്ഞു.

സംഭവത്തില്‍ പെണ്‍കുട്ടിയുടെ മാതാവിനെ അറസ്റ്റ് ചെയ്‌തെങ്കിലും പിതാവും ഇടനിലക്കാരനും ഒളിവില്‍ പോയി. കേസില്‍ അന്വേഷണം പൂര്‍ത്തിയാകും വരെ കുട്ടിയ അഭയാര്‍ഥി ക്യാമ്പിലേക്ക് മാറ്റിയിരിക്കുകയാണ്. 2017-ലാണ് പെണ്‍കുട്ടി ബലാത്സംഗത്തിനിരയായത്.