ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധിക്കെതിരെ കേന്ദ്രമന്ത്രി സ്മൃതി ഇറാനി നല്‍കിയ പരാതിയില്‍ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍, ജാര്‍ഖണ്ഡ് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസറോട് പ്രതികരണം ആരാഞ്ഞു. 

ജാര്‍ഖണ്ഡിലെ ഗോഡ്ഡയില്‍ നടന്ന തിരഞ്ഞെടുപ്പ് റാലിക്കിടെ രാഹുല്‍ നടത്തിയ 'റേപ്പ് ഇന്‍ ഇന്ത്യ' പരാമര്‍ശത്തിനെതിരെയാണ് സ്മൃതി ഇറാനി തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയത്. ഇതിനു പിന്നാലെയാണ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ ജാര്‍ഖണ്ഡ് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസറോട് പ്രതികരണം ആരാഞ്ഞത്. 

സ്ത്രീകള്‍ക്കെതിരെയുളള അതിക്രമങ്ങളെ രാഷ്ട്രീയ ആയുധമാക്കിയെന്നാണ് സ്മൃതി പരാതിയില്‍ ആരോപിക്കുന്നത്. രാഹുലിനെതിരെ കടുത്ത നടപടി സ്വീകരിക്കണമെന്നും അവര്‍ വെള്ളിയാഴ്ച നല്‍കിയ പരാതിയില്‍ ആവശ്യപ്പെടുന്നുണ്ട്.

പരാമര്‍ശത്തില്‍ രാഹുല്‍ മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് പാര്‍ലമെന്റിന്റെ ഇരുസഭകളിലും ബി.ജെ.പി. അംഗങ്ങള്‍ ബഹളം വെച്ചിരുന്നു. എന്നാല്‍ മാപ്പ് പറയില്ലെന്ന നിലപാടില്‍ രാഹുല്‍ ഉറച്ചുനില്‍ക്കുകയാണ്.

content highlights: rape in india remark, election commission seeks response from jharkhand chief electoral Officer