മുംബൈ: പീഡനക്കേസില്‍ രജിസ്റ്റര്‍ ചെയ്ത എഫ്.ഐ.ആര്‍. റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ബിനോയ് കോടിയേരി സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുന്നത് രണ്ടുവര്‍ഷത്തേക്ക് നീട്ടിവെച്ചു. ബോംബെ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത് 2021 ജൂണ്‍ മാസത്തിലേക്ക്  മാറ്റിയത്. 

കേസില്‍ ഡി.എന്‍.എ. പരിശോധന ഫലം ലഭിക്കാന്‍ വൈകുമെന്ന കാര്യം ചൂണ്ടിക്കാണിച്ചാണ് ബോംബെ ഹൈക്കോടതി ഹര്‍ജി പരിഗണിക്കുന്നത് മാറ്റിവെച്ചത്. ഡി.എന്‍.എ. പരിശോധന ഫലം ലഭിക്കാന്‍ കാലതാമസമുണ്ടാകുമെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ കോടതിയെ അറിയിച്ചിരുന്നു. ഡി.എന്‍.എ. പരിശോധന നടത്തുന്ന ലാബില്‍ നേരത്തെയുള്ള ഒട്ടേറെ കേസുകളുടെ പരിശോധന നടക്കാനുണ്ടെന്നും അതിനാല്‍ ബിനോയ് കോടിയേരിയുടെ കേസിലെ ഫലം ലഭിക്കാന്‍ താമസമുണ്ടാകുമെന്നുമായിരുന്നു പോലീസിന്റെ വിശദീകരണം. 

ബിഹാര്‍ സ്വദേശിയായ യുവതി നല്‍കിയ പരാതിയിലാണ് മുംബൈ ഓഷ്വാര പോലീസ് ബിനോയ് കോടിയേരിക്കെതിരെ പീഡനക്കേസ് രജിസ്റ്റര്‍ ചെയ്തത്. യുവതിയുടെ കുട്ടിയുടെ പിതാവ് ബിനോയ് കോടിയേരിയാണെന്ന് തെളിയിക്കാന്‍ ഡി.എന്‍.എ. പരിശോധന നടത്തണമെന്നും പോലീസ് കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു.

നേരത്തെ ഡി.എന്‍.എ. പരിശോധന നടത്താന്‍ ബിനോയ് വിസമ്മതിച്ചെങ്കിലും പിന്നീട് കോടതിയുടെ കര്‍ശന നിര്‍ദേശത്തെതുടര്‍ന്ന് രക്തസാമ്പിള്‍ നല്‍കുകയായിരുന്നു. ഇതിനിടെയാണ് തനിക്കെതിരെയുള്ള എഫ്.ഐ.ആര്‍. റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ബിനോയ് കോടിയേരി ബോംബെ ഹൈക്കോടതിയെ സമീപിച്ചത്. 

Content Highlights: Binoy Kodiyeri case shifted to two years