മുംബൈ: ബിനോയ് കോടിയേരിയുടെ കേസിനെ സംബന്ധിച്ച് തനിക്ക് നേരത്തെ അറിയില്ലായിരുന്നുവെന്ന കോടിയേരി ബാലകൃഷ്ണന്റെ വാദം തെറ്റെന്ന് വെളിപ്പെടുത്തല്‍. മാസങ്ങള്‍ക്ക് മുന്‍പ് ബിനോയി, കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനി എന്നിവരുമായി ഒത്തുതീര്‍പ്പ് ചര്‍ച്ചയ്ക്ക് മധ്യസ്ഥത വഹിച്ച അഭിഭാഷകന്‍ കെ.പി. ശ്രീജിത്താണ് ഇക്കാര്യം വെളിപ്പെടുത്തിയത്. 

മധ്യസ്ഥ ചര്‍ച്ചയ്ക്കുശേഷം താന്‍ കോടിയേരിയെ ഫോണില്‍ വിളിച്ച് വിവരം അറിയിച്ചിരുന്നു. എന്നാല്‍ മകന്‍ പറയുന്നതാണ് ശരിയെന്ന് അദ്ദേഹം വിശ്വസിച്ചു. യുവതിയുടേത് ബ്ലാക്ക് മെയില്‍ കേസാണെന്നും വാസ്തവമെന്താണെന്ന് അന്വേഷിക്കണമെന്നും കോടിയേരി പറഞ്ഞു. 

കഴിഞ്ഞ ഡിസംബറിലാണ് ബിഹാര്‍ സ്വദേശിനി ആദ്യമായി ബിനോയ് കോടിയേരിക്കെതിരെ വക്കീല്‍ നോട്ടീസ് അയച്ചത്. ഏപ്രിലില്‍ കോടിയേരിയുടെ ഭാര്യ വിനോദിനി ബാലകൃഷ്ണന്‍ യുവതിയുമായി ഒത്തുതീര്‍പ്പ് ചര്‍ച്ചയ്ക്ക് മുംബൈയിലെത്തി. യുവതിയും കുട്ടിയും ചര്‍ച്ചയ്ക്ക് വന്നിരുന്നു. കുട്ടിയുടെ ചെലവിനും തനിക്കുമായി അഞ്ചുകോടി രൂപ വേണമെന്നായിരുന്നു യുവതിയുടെ ആവശ്യം. എന്നാല്‍ ഹിന്ദി അറിയാത്തതിനാല്‍ വിനോദിനിക്ക് യുവതിയുമായി സംസാരിക്കാനായില്ല. ആരെങ്കിലും ചോദിച്ചാല്‍ പണം നല്‍കാനാവില്ലെന്നായിരുന്നു വിനോദിനിയുടെ നിലപാട്. യുവതിയുടെ വാദത്തില്‍ വസ്തുതയില്ലെന്നും ബ്ലാക്ക് മെയിലാണെന്നും അവര്‍ പറഞ്ഞു. 

തുടര്‍ന്ന് അവര്‍ തിരിച്ചുപോവുകയും പിന്നീട് ബിനോയ് കോടിയേരി നേരിട്ട് മധ്യസ്ഥ ചര്‍ച്ചയ്ക്ക് മുംബൈയിലെത്തുകയും ചെയ്തു. 

കുട്ടി തന്റേതല്ലെന്നായിരുന്നു ബിനോയ് കോടിയേരിയുടെ വാദം. അഞ്ചുകോടി തരാനാകില്ലെന്നും പറഞ്ഞു. ഇതോടെ ഒത്തുതീര്‍പ്പു ചര്‍ച്ചകള്‍ പരാജയപ്പെട്ടെന്നും ഇതിനുശേഷമാണ് താന്‍ കോടിയേരി ബാലകൃഷ്ണനെ ഫോണില്‍ വിളിച്ച് വിവരം അറിയിച്ചതെന്നും അഭിഭാഷകന്‍ വ്യക്തമാക്കി. 

Content Highlights: rape allegation against binoy kodiyeri, mumbai advocate reveals about compromise talks