പട്‌ന: ബിഹാറിലെ മധുബനിയില്‍ യുവതിയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ച പ്രതിക്ക് വ്യത്യസ്തമായ ശിക്ഷ വിധിച്ച് കോടതി. ബലാത്സംഗ ശ്രമത്തിന് ഇരയായ യുവതിയുള്‍പ്പെടെ ഗ്രാമത്തിലുള്ള എല്ലാ സ്ത്രീകളുടേയും വസ്ത്രങ്ങള്‍ അടുത്ത ആറ് മാസത്തേക്ക് സൗജന്യമായി അലക്കി തേച്ച് നല്‍കണമെന്ന് കോടതി നിര്‍ദേശിച്ചു. ലാലന്‍ കുമാര്‍ എന്ന യുവാവാണ് കേസിലെ പ്രതി.

ഏപ്രിലിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. പ്രതിക്ക് 20 വയസ്സ് മാത്രമേ പ്രായമുള്ളൂവെന്നും അതിനാല്‍ ജാമ്യം അനുവദിക്കണമെന്നും സമൂഹസേവനം ചെയ്യാന്‍ പ്രതി തയ്യാറാണെന്നും അഭിഭാഷകന്‍ കോടതിയെ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ജഡ്ജി അവിനാഷ് കുമാര്‍ വിധി പറഞ്ഞത്.

ആറ് മാസത്തെ സൗജന്യസേവനം നടത്തിയതായി ഗ്രാമമുഖ്യന്റേയോ സര്‍ക്കാര്‍ ഉദ്യോഗസ്ഥന്റേയോ സാക്ഷ്യപത്രം ഹാജരാക്കണമെന്നും കോടതി ഉത്തരവിട്ടു. 

മുന്‍പും വ്യത്യസ്തമായ ശിക്ഷാവിധികള്‍ ഈ ജഡ്ജി പുറപ്പെടുവിച്ചിരുന്നു. ലോക്ഡൗണ്‍ സമയത്ത് സ്‌കൂള്‍ തുറന്നതിന് ഒരു അധ്യാപികയോട് ഫീസ് വാങ്ങാതെ ആറ് മാസം വിദ്യാര്‍ത്ഥികളെ പഠിപ്പിക്കാന്‍ അവിനാഷ് കുമാര്‍ ഉത്തരവിട്ടിരുന്നു.

Content Highlights: Rape accused given strange punishment by Bihar court