ന്യൂഡല്‍ഹി: ലോകബാങ്ക് വ്യാഴാഴ്ച പ്രസിദ്ധീകരിച്ച  മാനവിക മൂലധന സൂചികാ പട്ടിക ഇന്ത്യ തള്ളി.  നേപ്പാള്‍, ശ്രീലങ്ക, മ്യാന്‍മാര്‍, ബംഗ്ലാദേശ് ഇവയ്ക്ക് പിന്നിലായി 115-മതാണ് ഇന്ത്യയുടെ സ്ഥാനം. ഇതേത്തുടർന്നാണ് പട്ടിക ഇന്ത്യ തള്ളിക്കളഞ്ഞത്.  157 രാജ്യങ്ങളുടെ പട്ടികയാണ് ലോക ബാങ്ക് പുറത്തിറക്കിയത്. പട്ടികയില്‍ സിംഗപ്പൂരാണ് ഒന്നാം സ്ഥാനത്ത്. 

ആരോഗ്യപരിപാലനം, വിദ്യാഭ്യാസം, ശരാശരി ആയുര്‍ദൈര്‍ഘ്യം, ശിശുമരണനിരക്ക് തുടങ്ങിയ ഘടകങ്ങള്‍ പരിഗണിച്ചാണ് പട്ടിക തയ്യാറാക്കിയത്. ലോകബാങ്കിന്റെ  ഇത്തരത്തിലുള്ള ആദ്യത്തെ പട്ടികയാണിത്. ദക്ഷിണ കൊറിയ, ജപ്പാന്‍, ഹോങ് കോങ്, ഫിന്‍ലന്‍ഡ് തുടങ്ങിയ രാജ്യങ്ങള്‍ പിന്തുടരുന്ന സാമ്പത്തിക അവലോകന രീതിയാണിത്. 

എന്നാല്‍ ഈ അവലോകനം തീര്‍ത്തും അശാസ്ത്രീയമാണെന്ന് കേന്ദ്രധനമന്ത്രാലയം അഭിപ്രായപ്പെട്ടു. ഇന്ത്യയില്‍ നടപ്പിലാക്കി വരുന്ന പല പദ്ധതികളും ഈ പഠനത്തില്‍ ഉള്‍പ്പെടുന്നില്ല എന്നതാണ് കാരണം. 197 ലക്ഷം സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി നടപ്പിലാക്കിയ സമഗ്രശിക്ഷാ അഭിയാന്‍ പദ്ധതിയും ആയുഷ്മാന്‍ ഭാരത് പദ്ധതിയും ഇന്ത്യയിലെ ഭൂരിപക്ഷം ജനങ്ങള്‍ക്കും പ്രയോജനം ലഭിക്കുന്നവയാണ്.

പ്രധാനമന്ത്രിയുടെ ഉജ്ജ്വല യോജനയും ജന്‍ധന്‍ യോജനയും രാജ്യത്തിലെ ജനങ്ങള്‍ക്കായി ആരംഭിച്ച ക്ഷേമപദ്ധതികളാണ്. ലക്ഷക്കണക്കിനാളുകള്‍ ഇവയുടെ ഗുണഭോക്താക്കളാണ്. സര്‍ക്കാര്‍ നടപ്പിലാക്കിയ നിരവധി പദ്ധതികളിലൂടെ രാജ്യത്തെ ഗ്രാമ-നഗരാന്തരം കുറഞ്ഞുവെന്നും ധനമന്ത്രാലയം കൂട്ടിച്ചേര്‍ത്തു. 

പാചതവാതക വിതരണം ഗ്രാമങ്ങളിലേക്കും വല്‍തോതില്‍ വ്യാപിപ്പിക്കാനായതും ആധാര്‍ പദ്ധതി നടപ്പിലാക്കാനായതും രാജ്യവികസനത്തെ സൂചിപ്പിക്കുന്നുവെന്നും ഈ ഘടകങ്ങള്‍ ലോകബാങ്കിന്റെ പഠനത്തിലുള്‍പ്പെടാത്തതു കൊണ്ടാണ് ഇന്ത്യയുടെ സ്ഥാനം പിന്നിലായതെന്നും മന്ത്രാലയം അറിയിച്ചു. ഇക്കാരണങ്ങളാല്‍ ലോകബാങ്കിന്റെ മാനവ മൂലധനസൂചിക ഇന്ത്യ കണക്കിലെടുക്കിന്നില്ലെന്നും കൂടുതല്‍ മാനവ വികസന പദ്ധതികളുമായി മുന്നോട്ടു പോകാനാണ് സര്‍ക്കാരിന്റെ തീരുമാനമെന്നും മന്ത്രാലയം വ്യക്തമാക്കി.