ന്യൂഡല്‍ഹി: മുന്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയെ രാജ്യസഭാ എംപിയായി നാമനിര്‍ദേശം ചെയ്ത നടപടിക്കെതിരെ രൂക്ഷവിമര്‍ശനവുമായി മുന്‍ സുപ്രീം കോടതി ജസ്റ്റിസ് മദന്‍ ബി. ലോകൂര്‍. നീതിന്യായ സംവിധാനത്തിന്റെ സ്വാതന്ത്ര്യം, നിഷ്പക്ഷത, പരമാധികാരം എന്നിവയെ പുനര്‍നിര്‍വചിക്കുംവിധത്തിലുള്ളതാണ് ഇതെന്ന് അദ്ദേഹം പറഞ്ഞു. അവസാനത്തെ അഭയസ്ഥാനവും ഇല്ലാതാവുകയാണോ എന്നും അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു. ഇന്ത്യന്‍ എക്‌സ്പ്രസിനോട് സംസാരിക്കുകയായിരുന്നു ജസ്റ്റിസ് മദന്‍ ബി. ലോകൂര്‍.

ജസ്റ്റിസ് ഗൊഗോയ്ക്ക് സ്ഥാനങ്ങള്‍ എന്തെങ്കിലും ലഭിക്കുമെന്ന് ചില ഊഹാപോഹങ്ങള്‍ ഉണ്ടായിരുന്നു. അതുകൊണ്ട്, ഇപ്പോഴത്തെ നാമനിര്‍ദേശം ഒട്ടും അത്ഭുതം ഉണ്ടാക്കുന്നില്ല. എന്നാല്‍ ഇത്ര പെട്ടെന്ന് ഇത് ഉണ്ടായതാണ് അതിശയകരം. ജുഡീഷ്യറിയുടെ  സ്വാതന്ത്ര്യത്തെയും നിഷ്പക്ഷതയെയും പരമാധികാരത്തെയും ഇത് പുനര്‍നിര്‍വചിക്കും. അവസാന അഭയവും ഇല്ലാതെയായോ?, അദ്ദേഹം ചോദിച്ചു.

2018ല്‍ ചീഫ് ജസ്റ്റിസ് ആയിരുന്ന ദീപക് മിശ്രയുടെ നടപടികളില്‍ പ്രതിഷേധിച്ച് അന്നത്തെ മുതിര്‍ന്ന ജസ്റ്റിസുമാരായ രഞ്ജന്‍ ഗോഗോയിയും മദന്‍ ബി. ലോകൂര്‍, ജെ. ചലമേശ്വര്‍, കുര്യന്‍ ജോസഫ് എന്നിവരും പരസ്യമായി പത്രസമ്മേളനം വിളിച്ചത് ഏറെ വിവാദമായിരുന്നു. സുപ്രീം കോടതിയുടെ പരമാധികാരത്തെയും നിഷ്പക്ഷതയെയും ബാധിക്കുന്ന നടപടികളാണ് ദീപക് മിശ്രയുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നും ഇവര്‍ ആരോപിച്ചിരുന്നു.

സുപ്രീംകോടതി മുന്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയിയെ രാജ്യസഭാംഗമായി രാഷ്ട്രപതി നാമനിര്‍ദേശം ചെയ്തത് തിങ്കളാഴ്ച രാത്രിയാണ്‌. കഴിഞ്ഞ നവംബറിലാണ് സുപ്രീംകോടതിയില്‍ നിന്ന് ഗോഗോയി വിരമിച്ചത്. വിരമിക്കുന്നതിന് തൊട്ടുമുമ്പ് അയോധ്യ കേസ്, ശബരിമല കേസ് തുടങ്ങി വിവാദമായ പല കേസുകളുടെയും വിധികള്‍ പുറപ്പെടുവിച്ചിരുന്ന ബെഞ്ചിന് നേതൃത്വം നല്‍കിയത് അദ്ദേഹമായിരുന്നു. സുപ്രീംകോടതിയുടെ ചരിത്രത്തില്‍ തന്നെ ആദ്യമായി ലൈംഗികാരോപണം നേരിട്ട ചീഫ് ജസ്റ്റിസും ഗൊഗോയിയായിരുന്നു.

Content Highlights: Ranjan Gogoi’s RS nomination: Has last bastion fallen, asks Justice Lokur