ന്യൂഡല്‍ഹി: ശമ്പളവും മറ്റ് ആനുകൂല്യങ്ങളും സ്വീകരിക്കാത്ത ഏക രാജ്യസഭ എം.പിയാണ് സുപ്രീം കോടതി മുന്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി എന്ന് വിവരാവകാശ രേഖ.

ഇന്ത്യ ടുഡേയ്ക്ക് ലഭിച്ച വിവരാവകാശ മറുപടിയിലാണ്‌ രാജ്യസഭ സെക്രട്ടേറിയറ്റ് ഇക്കാര്യം വ്യക്തമാക്കിയത്. മാര്‍ച്ചിലാണ് സര്‍ക്കാര്‍ ഗൊഗോയിയെ രാജ്യസഭയിലേക്ക് നാമനിര്‍ദേശം ചെയ്തത്.

ശമ്പളവും മറ്റ് ആനുകൂല്യങ്ങളും സ്വീകരിക്കാന്‍ താല്‍പര്യമില്ലെന്ന് വ്യക്തമാക്കി 2020 മാര്‍ച്ച് 24ന് ഗൊഗോയി രാജ്യസഭ സെക്രട്ടറി ജനറലിന് കത്തെഴുതിയിരുന്നു.

യാത്രാബത്തയും താമസച്ചെലവും ഒഴികെ, ശമ്പളവും മറ്റ് ആനുകൂല്യങ്ങളും സ്വീകരിക്കാന്‍ താല്‍പര്യപ്പെടുന്നില്ലെന്നും സുപ്രീം കോടതിയില്‍നിന്ന് വിരമിച്ച ചീഫ് ജസ്റ്റിസ് എന്ന നിലയില്‍ ലഭിക്കുന്ന ആനുകൂല്യങ്ങള്‍ തുടര്‍ന്നും കൈപ്പറ്റാനാണ് താല്‍പര്യപ്പെടുന്നതെന്നും ഗൊഗോയി കത്തില്‍ വ്യക്തമാക്കിയിരുന്നു. വിരമിച്ച ചീഫ് ജസ്റ്റിസിനുള്ള പെന്‍ഷന്‍ എന്ന നിലയില്‍ 82,301 രൂപയാണ് പ്രതിമാസം ഗൊഗോയിക്ക് ലഭിക്കുന്നത്.

അതേസമയം രാജ്യസഭാംഗം എന്ന നിലയില്‍ ആനുകൂല്യങ്ങള്‍ മാത്രം സ്വീകരിക്കുന്ന രണ്ട് എ.പിമാരുണ്ട്. പ്രൊഫ. മനോജ് കുമാര്‍ ഝായും പ്രൊഫ. രാകേഷ് സിന്‍ഹയുമാണ് ആനുകൂല്യങ്ങള്‍ മാത്രം കൈപ്പറ്റുന്നത്.

content highlights: ranjan gogoi is the lone rajyasabha mp not drawing salary and allowance