പ്രതീകാത്മക ചിത്രം | AFP
ന്യൂഡല്‍ഹി: കോവിഡ് വാക്‌സിനേഷനും പരിശോധനയും വേഗത്തിലാക്കാനും ചികിത്സാ സൗകര്യങ്ങള്‍ വര്‍ധിപ്പിക്കാനും രാജ്യത്തെ എട്ട് സംസ്ഥാനങ്ങളോട് കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടു. ഡല്‍ഹി, ഹരിയാണ, തമിഴ്‌നാട്, പശ്ചിമ ബംഗാള്‍, മഹാരാഷ്ട്രാ, ഗുജറാത്ത്, കര്‍ണാടക, ജാര്‍ഖണ്ഡ് എന്നീ സംസ്ഥാനങ്ങള്‍ക്കാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയ സെക്രട്ടറി രാജേഷ് ഭൂഷണ്‍ ഈ നിര്‍ദ്ദേശം നല്‍കിയതെന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ടുചെയ്തു.
രാജ്യത്തെ കോവിഡ് രോഗികളുടെ എണ്ണത്തില്‍ 24 മണിക്കൂറിനിടെ വന്‍ വര്‍ധന രേഖപ്പെടുത്തിയ പശ്ചാത്തലത്തിലാണിത്. 13,154 പുതിയ കേസുകളാണ് രാജ്യത്ത് വ്യാഴാഴ്ച റിപ്പോര്‍ട്ടു ചെയ്യപ്പെട്ടത്. ഒമിക്രോണ്‍ രോഗികളുടെ എണ്ണവും വ്യാഴാഴ്ച 961 ആയി വര്‍ധിച്ചിരുന്നു. ഡല്‍ഹിയിലാണ് ഏറ്റവും കൂടുതല്‍ ഒമിക്രോണ്‍ കേസുകള്‍ (263) റിപ്പോര്‍ട്ടുചെയ്യപ്പെട്ടത്. മഹാരാഷ്ട്രയില്‍ 252, ഗുജറാത്തില്‍ 97, രാജസ്ഥാനില്‍ 69, കേരളത്തില്‍ 65, തെലങ്കാനയില്‍ 62, എന്നിങ്ങനെയാണ് മറ്റുസംസ്ഥാനങ്ങളില്‍ സ്ഥിരീകരിക്കപ്പെട്ട കേസുകള്‍.
ഡല്‍ഹിക്ക് പുറമെ മുംബൈ, ഗുര്‍ഗാവ്, ചെന്നൈ, കൊല്‍ക്കത്ത, ബെംഗളൂരു, അഹമ്മദാബാദ് നഗരങ്ങളിലും കോവിഡ് കേസുകളില്‍ വര്‍ധന രേഖപ്പെടുത്തിയതായി എന്‍ഡിടിവി റിപ്പോര്‍ട്ടുചെയ്തു. മുംബൈയില്‍ ബുധനാഴ്ച 2510 പുതിയ കോവിഡ് കേസുകളാണ് റിപ്പോര്‍ട്ടു ചെയ്യപ്പെട്ടത്. തൊട്ടുമുമ്പത്തെ ദിവസത്തെ അപേക്ഷിച്ച് 82 ശതമാനം വര്‍ധനയാണിത്. ഇതേത്തുടര്‍ന്ന് മഹാരാഷ്ട്രാ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ കോവിഡ് ടാസ്‌ക് ഫോഴ്‌സിന്റെ യോഗം വിളിച്ചുചേര്‍ത്തു. മുംബൈയില്‍ ഡിസംബര്‍ 30 മുതല്‍ ജനുവരി ഏഴുവരെ 144 പ്രഖ്യാപിച്ചു. പുതുവത്സര ആഘോഷങ്ങള്‍ക്ക് മുംബൈ പോലീസ് വിലക്കേര്‍പ്പെടുത്തി. റെസ്റ്റോറന്റുകള്‍, ഹോട്ടലുകള്‍, ബാറുകള്‍, പബ്ബുകള്‍, റിസോര്‍ട്ടുകള്‍, ക്ലബ്ബുകള്‍ എന്നിവിടങ്ങളിലൊന്നും പുതുവത്സര ആഘോഷമോ പാര്‍ട്ടിയോ നടത്താന്‍ അനുവദിക്കില്ല.
അതിനിടെ ഡല്‍ഹിയില്‍ ഒമിക്രോണിന്റെ സാമൂഹിക വ്യാപനം തുടങ്ങിയെന്ന് ആരോഗ്യമന്ത്രി സത്യേന്ദ്ര ജെയിന്‍ പറഞ്ഞിരുന്നു. യാതൊരുവിധ യാത്രയും നടത്താത്തവര്‍ക്കും രോഗം ബാധിക്കുന്നത് സാമൂഹിക വ്യാപനത്തിന്റെ ലക്ഷണമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു. ഒമിക്രോണ്‍ സ്ഥിരീകരിച്ച് ഡല്‍ഹിയിലെ ആശുപത്രികളില്‍ കഴിയുന്ന രാജ്യാന്തര യാത്രക്കാരടക്കം 200 പേരില്‍ 115 പേര്‍ക്കും രോഗലക്ഷണങ്ങള്‍ ഇല്ലെന്നും മുന്‍കരുതലിന്റെ ഭാഗമായാണ് ഇവരെ ആശുപത്രികളില്‍ പാര്‍പ്പിച്ചിരിക്കുന്നതെന്നും സത്യേന്ദ്ര ജെയിന്‍ വ്യക്തമാക്കിയിരുന്നു.
Content Highlights : Vaccination should be expedited and medical facilities should be increased; Central Governement to 8 states
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..