ന്യൂഡല്‍ഹി:കേരളത്തിലെ തോല്‍വിയില്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് റിപ്പോര്‍ട്ട് തേടി. കേരളത്തിന്റെ ചുമതലയുളള എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി താരിഖ് അന്‍വറിനോടാണ് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരിക്കുന്നത്.

കേരളത്തിലെ തോല്‍വി അപ്രതീക്ഷിതമെന്നാണ് ഹൈക്കമാന്‍ഡിന്റെ  വിലയിരുത്തല്‍. ഇതിന്റെ അടിസ്ഥാനത്തിലാണ് താരിഖ് അന്‍വറിനോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരിക്കുന്നത്. നാലുദിവസത്തിനകം റിപ്പോര്‍ട്ട് കൈമാറും. 

അതേസമയം പ്രതിപക്ഷ സ്ഥാനത്ത് രമേശ് ചെന്നിത്തല തുടരുമെന്നാണ് സൂചന. തുടരാന്‍ ചെന്നിത്തല തീരുമാനിച്ചാല്‍ എതിര്‍ക്കേണ്ടെന്നാണ് ഹൈക്കമാന്‍ഡിന്റെ പൊതുധാരണ. 2016-ല്‍ തോല്‍വിയുടെ ഉത്തരവാദിത്വമേറ്റെടുത്ത് ഉമ്മന്‍ചാണ്ടി പ്രതിപക്ഷ സ്ഥാനത്തേക്ക് ഉണ്ടാകില്ലെന്ന് പറയാനുണ്ടായ സാഹചര്യവും നിലവിലെ സാഹചര്യവും വ്യത്യസ്തമാണെന്നാണ് ഹൈക്കമാന്‍ഡ് വിലയിരുത്തുന്നത്. 

2016-ല്‍ ജയിച്ചുവന്ന എംഎല്‍എമാരില്‍ ഭൂരിഭാഗവും ഐഗ്രൂപ്പുകാരായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് എഗ്രൂപ്പ് അവകാശവാദമുന്നയിക്കാതിരുന്നത്. ഇത്തവണയും ഐഗ്രൂപ്പിന് തന്നെയാണ് മേല്‍ക്കൈ. തന്നെയുമല്ല പ്രതിപക്ഷ നേതാവ് എന്ന നിലയില്‍ രമേശ് ചെന്നിത്തല മികച്ച പ്രവര്‍ത്തനമാണ് കാഴ്ച വെച്ചതെന്നും ഹൈക്കമാന്‍ഡ് വിലയിരുത്തുന്നു. അദ്ദേഹത്തിന്റെ ആരോപണങ്ങളെല്ലാം സംസ്ഥാന സര്‍ക്കാരിനെ പ്രതിരോധത്തിലാക്കിയിരുന്നു. ഈ ഘട്ടത്തില്‍ അദ്ദേഹത്തോട് മാറിനില്‍ക്കണമെന്ന് പറയാന്‍ ഹൈക്കമാന്‍ഡിന് സാധിക്കില്ലെന്ന നിലയിലാണ് ലഭിക്കുന്ന വിവരം. 

അതേസമയം കെ.പി.സി.സി.യിലെ നേതൃമാറ്റം സംബന്ധിച്ച് തീരുമാനമെടുക്കുക താരിഖ് അന്‍വര്‍ നല്‍കുന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും. നിലവില്‍ ആരോടും രാജിവെക്കാന്‍ ആവശ്യപ്പെടില്ല. എന്നാല്‍ ആരെങ്കിലും സ്വയം സന്നദ്ധരായാല്‍ അത് അംഗീകരിക്കാനും സാധ്യതയുണ്ട്. 

Content Highlights:Ramesh Chennithala may continue in Opposition leader position ,High Command seeks report