ബാബ രാംദേവും ഹർഷവർദ്ധനും |ഫോട്ടോ:PTI
ന്യൂഡല്‍ഹി: അലോപ്പതി ചികിത്സാരീതിക്കെതിരെ ഉന്നയിച്ച വിവാദ പരാമര്‍ശങ്ങള്‍ യോഗ ഗുരു ബാബാ രാംദേവ് പിന്‍വലിച്ചു. പരാമര്‍ശങ്ങള്‍ വലിയ വിവാദമായതോടെ കേന്ദ്ര ആരോഗ്യ മന്ത്രാലയവും ആരോഗ്യ മന്ത്രി ഹര്‍ഷ വര്‍ദ്ധനും രാംദേവിനെതിരെ രംഗത്തെത്തിയിരുന്നു. പരാമര്‍ശം പിന്‍വലിക്കണമെന്ന് ഹര്‍ഷ വര്ദ്ധന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് രാംദേവ് പിന്‍വലിഞ്ഞത്.
അലോപ്പതി മരുന്നുകള്‍ കാരണം ലക്ഷക്കണക്കിന് ആളുകള്‍ മരിച്ചുവെന്നും ചികിത്സയോ ഓക്സിജനോ ലഭിക്കാതെ മരിച്ചവരേക്കാള്‍ വളരെ കൂടുതലാണ് അതെന്നും അടുത്തിടെ നടന്ന ഒരു പരിപാടിയില്‍ രാംദേവ് പറഞ്ഞിരുന്നു. ഇതാണ് വിവാദങ്ങള്‍ക്ക് വഴിവെച്ചത്.
'ഡോ.ഹര്‍ഷ വര്ദ്ധന് താങ്കളുടെ കത്ത് ലഭിച്ചു.ഈ സാഹചര്യത്തില്‍ വ്യത്യസ്ത ചികിത്സാ രീതികളെ കുറിച്ചുള്ള മുഴുവന്‍ വിവാദങ്ങളും അവസാനിപ്പിക്കാന്‍ ഖേദത്തോടെ ഞാന്‍ എന്റെ പ്രസ്താവന പിന്‍വലിക്കുകയാണ്' ബാബ രാംദേവ് ട്വീറ്റ് ചെയ്തു.
അതേ സമയം പ്രസ്താവന പിന്‍വലിച്ച് തൊട്ടുപിന്നാലെ രാംദേവിന്റെ ഒരു റീട്വീറ്റും ശ്രദ്ധേയമായി.'
'യോഗയും ആയുര്‍വേദവും ആരോഗ്യത്തെ സമര്‍ത്ഥമാക്കുന്നു. ആധുനിക വൈദ്യശാസ്ത്രത്തിന് പരിമധികളുണ്ട്. അത് രോഗലക്ഷണങ്ങള്‍ക്കുള്ള ചികിത്സയേ നല്‍കുന്നുള്ളൂ. അതേ സമയം യോഗയും ആയുര്‍വേദവും വ്യവസ്ഥപരമായ ചികിത്സ നല്കുന്നു' രാംദേവ് റീട്വീറ്റ് ചെയ്ത പോസ്റ്റില്‍ പറയുന്നു.
അലോപ്പതി ചികിത്സാരീതിക്കെതിരെ യോഗ ഗുരു ബാബാ രാംദേവ് ഉന്നയിച്ച പരാമര്‍ശങ്ങള്‍ രാജ്യത്തെ കോവിഡ് പോരാളികളെ അപമാനിക്കുന്നവയാണെന്നാണ് കേന്ദ്ര ആരോഗ്യമന്ത്രാലയം കഴിഞ്ഞ ദിവസം പറഞ്ഞത്.
സ്വന്തം ജീവന് പണയം വെച്ച് മറ്റുള്ളവരുടെ ജീവന് രക്ഷിക്കാനായി മഹാമാരിക്കെതിരെ പോരാടുന്ന കോവിഡ് പോരാളികളെ മാത്രമല്ല, രാജ്യത്തെ പൗരന്മാരെ കൂടിയാണ് രാംദേവിന്റെ വാക്കുകള്‍ അപമാനിക്കുന്നത്. അലോപ്പതി ചികിത്സ നിരവധി പേരെ രക്ഷിച്ചിട്ടുണ്ട്. രാംദേവിന്റെ വാക്കുകള്‍ ദൗര്‍ഭാഗ്യകരമാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ വര്ധന് പ്രതികരിച്ചു.
രാജ്യത്തെ പൗരന്മാര്ക്ക് ആരോഗ്യപ്രവര്‍ത്തകര്‍ ദൈവത്തെ പോലെയാണ്. ആ പൗരന്മാരെ കൂടിയാണ് നിങ്ങള്‍ അപമാനിച്ചത്. വിവാദ പരാമര്‍ശത്തില്‍ രാംദേവ് കഴിഞ്ഞ ദിവസം നല്കിയ വിശദീകരണം തൃപ്തികരമല്ലെന്നും പരാമര്‍ശം പിന്‍വലിക്കണമെന്നും ഹര്‍ഷ വര്ധന് രാംദേവിന് അയച്ച കത്തില്‍ ആവശ്യപ്പെട്ടിരുന്നു.
അലോപ്പതിയെ വിവേകശൂന്യമെന്നടക്കം രാംദേവ് വിശേഷിപ്പിച്ചിരുന്നു. ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. ബാബ രാംദേവ് മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷനും നേരത്തെ രംഗത്തുവന്നിരുന്നു.
കോവിഡിനെ സുഖപ്പെടുത്തുമെന്ന് അവകാശപ്പെട്ട് രാംദേവിന്റെ പതജ്ഞലിയുടെ മരുന്ന് പുറത്തിറക്കുന്ന ചടങ്ങില്‍ ആരോഗ്യ മന്ത്രി ഹര്‍ഷ വര്ദ്ധന് പങ്കെടുത്തത് വിവാദമായിരുന്നു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..