ന്യൂഡൽഹി: അലോപ്പതി വിവേക ശൂന്യമായ ശാസ്ത്രം എന്ന പരാമർശത്തിന് എതിരെ രജിസ്റ്റർ ചെയ്ത വിവിധ കേസ്സുകൾക്ക് എതിരെ യോഗ ഗുരു ബാബ രാംദേവ് സുപ്രീം കോടതിയെ സമീപിച്ചു. കേസുകളിലെ നടപടികൾ അടിയന്തിരമായി സ്റ്റേ ചെയ്യണം എന്ന് ആവശ്യപ്പെട്ടാണ് രാംദേവ് കോടതിയെ സമീപിച്ചത്. വിവിധ സ്ഥലങ്ങളിൽ രജിസ്റ്റർ ചെയ്ത കേസ്സുകൾ ഡൽഹിയിലേക്ക് മാറ്റണമെന്നും രാംദേവ് ആവശ്യപ്പെട്ടിട്ടുണ്ട് .

ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ആണ് രാംദേവിന് എതിരെ പട്ന, റായ്‌പൂർ എന്നിവിടങ്ങളിൽ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ദുരന്ത നിവാരണ നിയമ പ്രകാരം ഉള്ള വകുപ്പുകൾ ചുമത്തിയാണ് കേസ് രജിസ്റ്റർ ചെയ്‍തിരിക്കുന്നത്. 

സമൂഹ മാധ്യമങ്ങളിലൂടെ അലോപ്പതിക്ക് എതിരെ വ്യാജ പ്രചാരണം നടത്തുന്നു എന്നാണ് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ നൽകിയ പരാതിയിൽ ആരോപിച്ചിരിക്കുന്നത്. കേന്ദ്ര സർക്കാരും, ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസേര്ച്ചും അംഗീകരിച്ച  മരുന്നുകൾ കോവിഡ് ചിക്ത്സയ്ക്ക് ഫലപ്രദം അല്ലെന്നാണ് രാംദേവ് ആരോപിച്ചത്. ഓക്സിജൻ ലഭിക്കാതെ മരിച്ചവരെക്കാൾ കൂടുതൽ പേർക്ക് അലോപ്പതി മരുന്നുകൾ കഴിച്ചതിനെ തുടർന്ന് ജീവൻ നഷ്ടപ്പെട്ട് എന്നും രാംദേവ് ആരോപിച്ചിരുന്നു. രണ്ട് ഡോസ് വാക്സിൻ ലഭിച്ച ശേഷവും പതിനായിരത്തോളം ഡോക്ടർമാർ മരിച്ചതായും രാംദേവ് ആരോപിച്ചിരുന്നു.

Content Highlights: Ramdev Challenges Cases Filed Over Allopathy Remarks In Supreme Court