ന്യൂഡല്‍ഹി: ഇന്ധന വില വര്‍ധന തന്നെ ബാധിക്കില്ലെന്ന പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് കേന്ദ്ര സഹമന്ത്രി രാംദാസ് അത്‌വാലെ. മന്ത്രിമാര്‍ക്ക് ആനുകൂല്യം ലഭിക്കുന്നതിനാല്‍ ഇന്ധനവില വര്‍ധന പ്രശ്നമേയല്ലെന്നായിരുന്നു കേന്ദ്രമന്ത്രി കഴിഞ്ഞ ദിവസം നടത്തിയ പരാമര്‍ശം.

'ജനങ്ങളുടെ വികാരം ഞാന്‍ വ്രണപ്പെടുത്തിയെങ്കില്‍ ക്ഷമ ചോദിക്കുന്നു. ബോധപൂര്‍വം അങ്ങനെ ചെയ്തതല്ല. സാധാരണക്കാരനില്‍ നിന്ന് മന്ത്രിപദത്തിലെത്തിയ വ്യക്തിയാണ് ഞാന്‍. ജനങ്ങളെ എനിക്ക് മനസ്സിലാക്കാന്‍ കഴിയും. സര്‍ക്കാരിന്റെ ഭാഗമാണ് ഞാനും. ഇന്ധനവില കുറയ്ക്കണമെന്ന് തന്നെയാണ് എനിക്കും ആവശ്യപ്പെടാനുള്ളത്.' - അത്‌വാലെ പറഞ്ഞു. 

ജയ്പൂരില്‍ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുമ്പോഴായിരുന്നു മന്ത്രിയുടെ വിവാദ പരാമര്‍ശം. ഇന്ധനവില വര്‍ധന വ്യക്തിപരമായി എങ്ങനെ ബാധിക്കുന്നു എന്ന മാധ്യപ്രവര്‍ത്തകരുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. മന്ത്രിയായതുകൊണ്ട് തനിക്കെല്ലാം സൗജന്യമായി ലഭിക്കുമെന്നും മന്ത്രിസ്ഥാനം നഷ്ടപ്പെട്ടാല്‍ താനും സാധാരണക്കാരെപ്പോലെ ബുദ്ധിമുട്ട് സഹിക്കേണ്ടി വരുമെന്നുമുള്ള പരാമര്‍ശമാണ് വിവാദമായത്.

content highlights: Ramdas Athawale, apology, remark on rising fuel prices