Image: businesstoday.in
ന്യൂഡല്‍ഹി: ദൂരദര്‍ശനില്‍ പുനഃസംപ്രേക്ഷണം ചെയ്യുന്ന രാമായണവും മഹാഭാരതവും ടെലിവിഷനില്‍ ഏറ്റവുമധികം പ്രേക്ഷകര്‍ കാണുന്ന ടിവി സീരിയലുകളെന്ന് റിപ്പോര്‍ട്ട്. മാത്രമല്ല ദൂരദര്‍ശന്‍ ഏറ്റവുമധികം കാഴ്ചക്കാരുമായി രാജ്യത്ത് ഒന്നാം സ്ഥാനത്തും.
തുടര്‍ച്ചയായി രണ്ട് ആഴ്ച ഒരു ചാനല്‍ തന്നെ ഒന്നാം സ്ഥാനത്ത് തുടരുന്നത് അപൂര്‍വമാണെന്ന് ബ്രോഡ്കാസ്റ്റ് ഓഡിയന്‍സ് റിസര്‍ച്ച് കൗണ്‍സില്‍ വ്യക്തമാക്കി.
രാജ്യവ്യാപക ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെയാണ് രാമാനന്ദ് സാഗര്‍ സംവിധാനം ചെയ്ത രാമായണം സീരിയല്‍ പുനഃസംപ്രേക്ഷണം ചെയ്യാന്‍ ദൂരദര്‍ശന്‍ തീരുമാനിച്ചത്. രാമായണത്തിന്റെ ആദ്യ എപ്പിസോഡ് 34 കോടി ജനങ്ങളാണ് കണ്ടത്. വൈകുന്നേരം വീണ്ടും അതേ എപ്പിസോഡ് കണ്ടത് 45 കോടി ആളുകളും. ആദ്യത്തെ ആഴ്ച രാമായണത്തിന്റെ പ്രേക്ഷകര്‍ 17 കോടി കടന്നതായാണ് കണക്കുകള്‍.
പുരാണകഥയെ അടിസ്ഥാനമാക്കി നിര്‍മിച്ച മഹാഭാരതവും പുനഃസംപ്രേക്ഷണത്തില്‍ കാഴ്ചക്കാരുടെ എണ്ണത്തില്‍ രാമായണത്തിന്റെ തൊട്ടുപിന്നിലുണ്ട്. 40,000 ശതമാനമാണ് ദൂരദര്‍ശന്റെ പ്രേക്ഷകനിരക്കിലുണ്ടായ വര്‍ധനവ്. 16 കോടി ജനങ്ങളാണ് മഹാഭാരതം കണ്ടത്. ഏപ്രില്‍ മൂന്ന് വരെയുള്ള കണക്കാണിത്.
രാമായണത്തിനും മഹാഭാരതത്തിനും പിന്നാലെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജനങ്ങളോടുളള അഭിസംബോധനാ പ്രസംഗവും ഏറ്റവുമധികം ജനങ്ങള്‍ കണ്ട പരിപാടികളില്‍ മൂന്നാം സ്ഥാനത്തുണ്ട്. രാത്രി ഒമ്പത് മണിക്ക് ഒമ്പത് മിനിറ്റ് ദീപങ്ങള്‍ തെളിയിക്കാനുള്ള പ്രധാനമന്ത്രിയുടെ ആഹ്വാനം രാജ്യത്തെ ജനങ്ങള്‍ ഏറെ ആകാംക്ഷയോടെ കാത്തിരുന്നതായി കണക്കാക്കപ്പെടുന്നു. ഐക്യദീപം തെളിയിക്കാന്‍ ആഹ്വാനം ചെയ്ത മോദിയുടെ പ്രസംഗം വീക്ഷിച്ചത് 11.9 കോടി ജനങ്ങളാണ്, ലോക്ക്ഡൗണ്‍ പ്രസംഗം കണ്ടത് 19.7 കോടി ജനങ്ങളും.
ഇവ കൂടാതെ ശക്തിമാന്‍, ശ്രീമാന്‍ ശ്രീമതി, സര്‍ക്കസ്, ചാണക്യന്‍ തുടങ്ങിയ പരിപാടികളും ദൂര്‍ദര്‍ശന്‍ പുനഃസംപ്രേക്ഷണം ആരംഭിച്ചിട്ടുണ്ട്. ഇവയ്ക്കും പ്രേക്ഷകപ്രീതി ഏറെയാണ്. പഴയ പരിപാടികളുടെ പുനഃസംപ്രേക്ഷണത്തിലൂടെ സ്വകാര്യചാനലുകളെ പിന്നിലാക്കി ദൂരദര്‍ശന്‍ നേടിയത് വന്‍ മുന്നേറ്റമാണ്.
Content Highlights: Ramayan Most Watched Show During Lockdown Followed by Mahabharata, PM Modi’s Speech
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..