റായ്പുര്‍: നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്നതിനു മുന്നോടിയായി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ കാല്‍തൊട്ട് വണങ്ങി ഛത്തീസ്ഗഡ് മുഖ്യമന്ത്രി രമണ്‍ സിങ്. അടുത്ത മാസം നടക്കുന്ന ഛത്തീസ്ഗഡിലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ രാജ്‌നന്ദഗഡിലെ സ്ഥാനാര്‍ഥിയാണ് രമണ്‍ സിങ് മത്സരിക്കുന്നത്.

തന്റെ വസതിയില്‍ നടന്ന പൂജയില്‍ പങ്കെടുക്കാന്‍ എത്തിച്ചേര്‍ന്നപ്പോഴാണ് യോഗി ആദിത്യനാഥില്‍നിന്ന് രമണ്‍ സിങ് അനുഗ്രഹം തേടിയത്. നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചതിനു ശേഷവും അദ്ദേഹം ആദിത്യനാഥിന്റെ കാല്‍തൊട്ട് അനുഗ്രഹം തേടി. ഇത്തവണയും ബിജെപി ഛത്തീസ്ഗഡില്‍ വന്‍ ഭൂരിപക്ഷത്തോടെ വിജയിക്കുമെന്ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ച ശേഷം രമണ്‍ സിങ് മാധ്യമങ്ങളോട് പറഞ്ഞു.

ഏറ്റവും കൂടുതല്‍ കാലം മുഖ്യമന്ത്രിയായിരുന്ന ബിജെപി നേതാവാണ് രമണ്‍ സിങ്. അദ്ദേഹത്തേക്കാള്‍ ഇരുപത് വയസ് കുറവുള്ള, രണ്ടുവര്‍ഷം മാത്രം മുഖ്യമന്ത്രിയായിരുന്ന നേതാവാണ് ആദിത്യനാഥ്. ഖൊരക്പുര്‍ ക്ഷേത്രത്തിലെ മുഖ്യ പൂജാരികൂടിയായ ആദിത്യനാഥിനോട് രമണ്‍ സിങ്ങിന് വലിയ ബഹുമാനമാണുള്ളതെന്ന് അദ്ദേഹത്തിന്റെ അനുയായി വ്യക്തമാക്കി.

Content Highlights: Raman Singh,Yogi Adithyanath, Uttar Pradesh, Chattisgarh, Assembly Election 2018