നരേന്ദ്ര മോദി, രാംവിലാസ് പസ്വാൻ | ഫോട്ടോ: പി.ടി.ഐ
കളം അറിഞ്ഞ് കളിക്കാനറിയുന്ന രാഷ്ട്രീയക്കാരനായിരുന്നു രാം വിലാസ് പസ്വാന്‍. ബിഹാറിലെ ഖാഗരിയ ജില്ലയിലെ ദളിത് കുടുംബത്തില്‍ ജനിച്ച പസ്വാന്‍ സംയുക്ത സോഷ്യലിസ്റ്റ് പാര്‍ട്ടിയിലൂടെയാണ് രാഷ്ട്രീയത്തിലേക്ക് കടന്നത്. 1969ല്‍ ബിഹാര്‍ നിയമസഭയിലെത്തി. തുടര്‍ന്ന് ലോക് ദളിലും ജനതാ പാര്‍ട്ടിയിലും പ്രവര്‍ത്തിച്ചു.
രാജ് നാരായണിന്റൈയും ജയപ്രകാശ് നാരായണിന്റെയും അനുയായി ആയിരുന്നു പസ്വാന്‍. അടിയന്തരാവസ്ഥയെ ശക്തിയുക്തം എതിര്‍ത്തതിന്റെ പേരില്‍ ജയില്‍വാസവും അനുഭവിച്ചിട്ടുണ്ട്. 1977ല്‍ ജനത പാര്‍ട്ടി അംഗമായി ആദ്യമായി ലോക്‌സഭയിലെത്തി. 4.24 ലക്ഷം വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ ഹാജിപുരില്‍നിന്ന് നേടിയ ഈ വിജയം ഗിന്നസ് ബുക്കിലും പസ്വാന് ഇടംനേടിക്കൊടുത്തു.
ബിഹാര്‍ രാഷ്ട്രീയം കടന്ന് ദേശീയ രാഷ്ട്രീയത്തിലെത്തിയ പസ്വാന്‍ വിവിധ മന്ത്രിസഭകളില്‍ നിര്‍ണായക വകുപ്പുകളുടെ മന്ത്രിയുമായി. അമ്പതുവര്‍ഷത്തില്‍ അധികം നീണ്ടുനിന്ന രാഷ്ട്രീയ ജീവിതത്തില്‍ ഇന്ത്യയിലെ എണ്ണപ്പെട്ട ദളിത് നേതാക്കളില്‍ മുന്‍പന്തിയില്‍ എത്തുകയും ചെയ്തു.
ഒന്നും രണ്ടുമല്ല എട്ടു തവണ (1980, 1989, 1996, 1998, 1999, 2004, 2014)യാണ് പസ്വാന്‍ ലോക്‌സഭയിലെത്തിയത്. വിവിധ മന്ത്രിസഭകളില്‍ നിര്‍ണായക വകുപ്പുകള്‍ കൈകാര്യം ചെയ്യുകയും ചെയ്തു. 2000ല്‍ ആണ് പസ്വാന്‍ സ്വന്തം പാര്‍ട്ടി രൂപവത്കരിക്കുന്നത്. ലോക് ജനശക്തി പാര്‍ട്ടി-എല്‍.ജെ.പി. 2004ല്‍ യു.പി.എയ്‌ക്കൊപ്പം ചേര്‍ന്ന് ഒന്നാം യു.പി.എ. മന്ത്രിസഭയില്‍ ഉരുക്ക്, രാസവസ്തു-വളം മന്ത്രിയായി പ്രവര്‍ത്തിച്ചു.
2009ല്‍ നടന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പക്ഷെ പസ്വാന്‍ പരാജയപ്പെട്ടു. ലാലു പ്രസാദ് യാദവിന്റെ ആര്‍.ജെ.ഡിയുമായി സഖ്യം ചേര്‍ന്നായിരുന്നു അത്തവണ പസ്വാന്‍ തിരഞ്ഞെടുപ്പിനെ നേരിട്ടത്. 33 വര്‍ഷത്തെ രാഷ്ട്രീയ ജീവിതത്തില്‍ പസ്വാന്‍ നേരിട്ട ആദ്യത്തെ പരാജയമായിരുന്നു അത്. ഹജിപുര്‍ മണ്ഡലത്തില്‍ ജെ.ഡി.യുവിന്റെ രാം സുന്ദര്‍ ദാസിനോടാണ് പസ്വാന്‍ പരാജയത്തിന്റെ രുചിയറിഞ്ഞത്.
content highlights: ram vilas paswan passes away
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..