ലഖ്നൗ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെയും നേതൃത്വത്തിൽ അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കുമെന്ന് ശിവസേനയുടെ രാജ്യസഭാ എം പി സഞ്ജയ് റാവത്ത്. രാമക്ഷേത്രം നിര്‍മിക്കാനാണ് 2019 ലോക്സഭാ തിരഞ്ഞെടുപ്പില്‍ എന്‍ഡിഎക്ക് ഭൂരിപക്ഷം ലഭിച്ചതെന്നും റാവത്ത് വാര്‍ത്താ ഏജന്‍സിയായ എ എന്‍ ഐയോടു പറഞ്ഞു.
"രാമക്ഷേത്രത്തിന്റെ നിര്‍മാണവുമായി ബന്ധപ്പെട്ടുള്ള ഒരു ക്രെഡിറ്റും എടുക്കാന്‍ ഞങ്ങള്‍ക്ക്(ശിവസേന)താത്പര്യമില്ല. നിര്‍മാണം മോദിയുടെയും യോഗിയുടെയും നേതൃത്വത്തിലായിരിക്കുമെന്ന് ഞങ്ങള്‍ നേരത്തെ പറഞ്ഞിട്ടുണ്ട്. ബി ജെ പി നേതൃത്വം നല്കിയ എന്‍ ഡി എ 2019ല്‍ മികച്ച ഭൂരിപക്ഷം നേടിയത് രാമക്ഷേത്രം നിര്‍മിക്കാനാണ്", റാവത്ത് പറഞ്ഞു.
ശിവസേനാ അധ്യക്ഷന്‍ ഉദ്ധവ് താക്കറെ ഇന്ന്(ഞായറാഴ്ച) അയോധ്യയില്‍ സന്ദര്‍ശനം നടത്തുന്നുണ്ട്. തിരഞ്ഞെടുപ്പിനു ശേഷം എംപിമാരുമൊത്ത് ദര്‍ശനം നടത്തുമെന്ന് കഴിഞ്ഞതവണ വന്നപ്പോള്‍ ഉദ്ധവ് വ്യക്തമാക്കിയിരുന്നെന്നും ഈ വാക്ക് പാലിക്കാനാണ് അദ്ദേഹം ഇന്നെത്തുന്നതെന്നും റാവത്ത് കൂട്ടിച്ചേര്‍ത്തു. 18 നിയുക്ത എം പിമാര്‍ക്കൊപ്പമാണ് ഉദ്ധവ് അയോധ്യാ സന്ദര്‍ശനം നടത്തുന്നത്.
content highlights: ram temple would be constructed under pm modi and cm yogi adityanath says shivsena mp