ലഖ്നൗ : അയോധ്യയിലെ രാമക്ഷേത്ര നിര്‍മാണത്തിന് സംഭാവനയായി ലഭിച്ചത് 2100 കോടിയിലേറെ രൂപ. ക്ഷേത്ര നിര്‍മാണത്തിനായുള്ള പണം സ്വരൂപിക്കാന്‍ ആരംഭിച്ച 44 ദിവസം നീണ്ടുനിന്ന ധനസമാഹരണം അവസാനിച്ചതായും രാമജന്‍മഭൂമി തീര്‍ഥ് ക്ഷേത്ര ട്രസ്റ്റ് അറിയിച്ചു. 

ജനുവരി 15 മുതല്‍ ആരംഭിച്ച ധനസമാഹരണ യജ്ഞം ശനിയാഴ്ചയാണ് അവസാനിച്ചത്. ഏകദേശം 1,100 കോടി രൂപയാണ് രാമക്ഷേത്ര നിര്‍മാണത്തിനായി ക്ഷേത്ര ടെസ്റ്റ് കണക്കാക്കിയിരുന്നത്. എന്നാല്‍ ഇതിനെക്കാള്‍ 1,000 കോടിയോളം രൂപ അധികമായി ക്ഷേത്ര ട്രസ്റ്റിലേക്ക് സംഭാവനയായി എത്തി. 

രാജ്യത്തെ വിദൂര ഗ്രാമങ്ങളിലെ താമസക്കാര്‍ ഉള്‍പ്പെടെ എല്ലാ ജനവിഭാഗങ്ങളുടെയും ഉദാരമായ സംഭാവനകളോടെയാണ് ധനസമാഹരണ യജ്ഞം അവസാനിച്ചതെന്ന് ക്ഷേത്ര ട്രസ്റ്റ് ട്രഷറര്‍ ഗോവിന്ദ് ദേവ് ഗിരി പറഞ്ഞു. ശനിയാഴ്ച വൈകീട്ടോടെ ആകെ സംഭാവന 2,100 കോടി രൂപ കടന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. 

അധികമായി ലഭിച്ച പണം ക്ഷേത്ര ടെസ്റ്റ് അയോധ്യയുടെ വികസനത്തിനായി ഉപയോഗപ്പെടുത്തണമെന്നും പണം ദുരുപയോഗപ്പെടുത്തരുതെന്നും വിവിധ കോണുകളില്‍ നിന്ന് അഭിപ്രായം ഉയര്‍ന്നിട്ടുണ്ട്. അധികമായി ലഭിച്ച പണം സീതയുടെ പേരില്‍ ഒരു സംസ്‌കൃത സര്‍വകലാശാല സ്ഥാപിക്കാനും ക്ഷേത്ര നഗരിയില്‍ സൗജന്യമായി പാല്‍ വിതരണത്തിനായി ഒരു ഗോശാല നിര്‍മിക്കാനും ഉപയോഗിക്കണമെന്ന് സ്വാമി പരമന്‍സ് ആചാര്യ പറഞ്ഞു. 

രാമക്ഷേത്ര സമുച്ചയം പണിയുന്നതിനുള്ള ബജറ്റ് അന്തിമല്ലെന്നും നിര്‍മാണം പൂര്‍ത്തിയായ ശേഷം മാത്രമേ കൃത്യമായ തുക അറിയാന്‍ സാധിക്കുവെന്നും ക്ഷേത്ര ടെസ്റ്റ് അംഗം അനില്‍ മിശ്ര വ്യക്തമാക്കി.

content highlights: Ram temple trust receives Rs 2100 crore from donations, 44-day fund-raising campaign ends