ന്യൂഡൽഹി: 2023 ഡിസംബറോടെ അയോധ്യയിലെ രാമക്ഷേത്രം ഭക്തജനങ്ങൾക്കായി തുറന്നുനൽകുമെന്ന് റിപ്പോർട്ട്. ക്ഷേത്രത്തിന്റെ താഴത്തെ നിലയുടെ നിർമാണം 2023 ആകുമ്പോഴേക്കും അവസാനിക്കും.

നാളെ (2021 ഓഗസ്റ്റ് അഞ്ച്) ക്ഷേത്രനിർമാണത്തിന് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്രമോദി ഭൂമി പൂജ നടത്തിയതിന്റെ ഒരു വർഷം പൂർത്തിയാവും.

അയോധ്യ ക്ഷേത്ര നിർമാണം 2025 ആകുന്നതോടെ പൂർത്തിയാകുമെന്നാണ് കരുതുന്നത്. 110 ഏക്കറിലായി വ്യാപിച്ചു കിടക്കുന്ന ക്ഷേത്ര സമുച്ചയത്തിന് 1000 കോടി രൂപയാണ് നിർമാണ ചെലവായി കണക്കുകൂട്ടുന്നത്. 3000 കോടിയിലധികം രൂപ ഇതിനകം ക്ഷേത്ര ട്രസ്റ്റിന് സംഭവാന ലഭിച്ചിട്ടുണ്ട്.

താഴത്തെ നിലയിലെ അഞ്ചുമണ്ഡപങ്ങളുടെയും ശ്രീകോവിലിന്റെയും നിർമാണം 2023 അവസാനത്തോടെ പൂർത്തിയാകും. ഒന്നാംനിലയുടെ ശിലാസ്ഥാപനവും പൂർത്തിയാകും. തുടർന്ന് പുതിയ ക്ഷേത്രത്തിലെ ശ്രീകോവിലിൽ രാം ലല്ലയുടെ വിഗ്രഹം പ്രതിഷ്ഠിക്കും. ക്ഷേത്രനിർമാണം ആസൂത്രണം ചെയ്തതുപോലെ പുരോഗമിക്കുന്നതായും ക്ഷേത്രവുമായി ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു.

ക്ഷേത്ര നിർമാണത്തിനായി രാജസ്ഥാൻ കല്ലുകളും മാർബിളുമാണ് ഉപയോഗിക്കുന്നത്. നാലുലക്ഷം ക്യൂബിക് അടി കല്ല് ഇതിനായി ഉപയോഗിക്കും. ക്ഷേത്രത്തിന്റെ നീളം 360 അടിയും വീതി 235 അടിയുമാണ്. ഓരോ നിലയ്ക്കും 20 അടി ഉയരമുണ്ടായിരിക്കും. ക്ഷേത്രത്തിന് മൂന്നുനിലകൾ ഉണ്ടായിരിക്കും. ഒന്നാം നിലയിലായിരിക്കും രാം ദർബാർ.

രാമ നവമി ദിവസം ഉച്ചയ്ക്ക് സൂര്യരശ്മികൾ ജനലിലൂടെ രാം ലല്ലയുടെ വിഗ്രഹത്തിൽ പതിക്കുന്ന രീതിയിലാണ് ക്ഷേത്ര നിർമാണം. ആധുനിക ആർട്ട് ഡിജിറ്റൽ മ്യൂസിയം, സന്യാസിമാർക്കായുളള ഇടം, ഓഡിറ്റോറിയം, ഭരണനിർവഹണ കാര്യാലയങ്ങൾ തുടങ്ങിയവ ഉൾപ്പെടുന്നതാണ് ക്ഷേത്ര സമുച്ചയം.

Content Highlights: AyodhyaRam Temple to Open For Devotees By December 2023