ലഖ്‌നൗ: അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കുന്നിടത്തെ ഒന്നാംഘട്ട നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഭൂരിഭാഗവും പൂര്‍ത്തിയായി. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ സമയപരിധിക്കുള്ളില്‍ പൂര്‍ത്തിയാക്കുമെന്നും 2024 ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്‍പ് ക്ഷേത്രം വിശ്വാസികള്‍ക്കായി തുറന്നുകൊടുക്കുമെന്ന് ട്രസ്റ്റ് അറിയിച്ചു. 

കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് അഞ്ചിനാണ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദി ആയിരുന്നു ശിലാസ്ഥാപനം നിര്‍വഹിച്ചത്. 2023 ഡിസംബറോടെ നിര്‍മാണം പൂര്‍ത്തിയാകുമെന്നാണ് കരുതുന്നത്. മൂന്നുനിലയായി നിര്‍മിക്കുന്ന ക്ഷേത്രത്തിന്റെ അടിത്തറയ്ക്ക് ബലം ഉറപ്പാക്കാന്‍ 47 അട്ടി കോണ്‍ക്രീറ്റ് ഇട്ടിട്ടുണ്ടെന്ന് നിര്‍മാണച്ചുമതല വഹിക്കുന്നവര്‍ പറഞ്ഞു. 

image
 Photo: PTI 

ശിലാസ്ഥാപന ചടങ്ങിനു ശേഷം, ഇളകിയ മണ്ണും മാലിന്യങ്ങളും നീക്കം ചെയ്യാന്‍ നാല്‍പ്പതടി ആഴത്തില്‍ കുഴിച്ചെന്നും നിലം ഉറപ്പിച്ചതിനു ശേഷമാണ് കോണ്‍ക്രീറ്റ് ഇട്ടതെന്ന് എല്‍ ആന്‍ഡ് ടി പ്രോജക്ട് മാനേജര്‍ ബിനോദ് മെഹ്ത വ്യക്തമാക്കി. ഒരടി ഉയരത്തിലാണ് കോണ്‍ക്രീറ്റിന്റെ ഓരോ അട്ടിയും ഇട്ടിരിക്കുന്നത്. അസ്ഥിവാരത്തിന് അറുപതടി ഉയരമുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

image
Photo - PTI

ഏകദേശം നാലുലക്ഷം ഘനയടി കല്ലും രാജസ്ഥാനില്‍നിന്നുള്ള മാര്‍ബിളുമാണ് ക്ഷേത്ര നിര്‍മാണത്തിന് ഉപയോഗിക്കുക. 161 അടിയാണ് ക്ഷേത്രത്തിന് ഉയരമുണ്ടാവുക. 360x235 അടി വലിപ്പമുള്ള ക്ഷേത്രത്തിന്റെ ഗ്രൗണ്ട് ഫ്‌ളോറില്‍ 160 സ്തൂപങ്ങളുണ്ടാകും. ഒന്നാംനിലയില്‍ 132 സ്തൂപങ്ങളും രണ്ടാംനിലയില്‍ 74 സ്തൂപങ്ങളുമുണ്ടാകും. അഞ്ച് മണ്ഡപങ്ങളും ക്ഷേത്രത്തിലുണ്ടാകും. 

content highlights: ram temple: first phase of construction almost complete