ബെംഗളൂരു: അയോധ്യയിലെ തര്‍ക്ക സ്ഥലത്ത് രാമക്ഷേത്രം അടുത്ത വര്‍ഷം  നിര്‍മിക്കുമെന്ന അവകാശവാദവുമായി വിശ്വഹിന്ദുപരിഷത്ത് അന്താരാഷ്ട്ര ജോയിന്റ് സെക്രട്ടറി സുരേന്ദ്ര കുമാര്‍ ജെയിന്‍ രംഗത്തെത്തി. 2018 ഒക്ടോബര്‍ 18 ന് രാമക്ഷേത്രത്തിന്റെ നിര്‍മാണം ആരംഭിക്കുമെന്നും അദ്ദേഹം അവകാശപ്പെട്ടു. ഉഡുപ്പിയില്‍ വിശ്വഹിന്ദുപരിഷത്ത് സംഘടിപ്പിച്ച ധര്‍മ സന്‍സദില്‍ സംസാരിക്കുകയായിരുന്നു സുരേന്ദ്ര ജെയിന്‍. അടുത്ത ധര്‍മ സന്‍സദ് അയോധ്യയില്‍ വെച്ച് നടക്കുമെന്നും അദ്ദേഹം പറഞ്ഞു. 

ആര്‍എസ്എസ് തലവന്‍ മോഹന്‍ ഭാഗവതിന്റെ രാമക്ഷേത്ര നിര്‍മാണ പരാമര്‍ശം വന്നതിന് പിന്നാലെയാണ് കൂടുതല്‍ വ്യക്തമായ പരാമര്‍ശവുമായി വിഎച്ച്പി നേതാവ് രംഗപ്രവേശനം ചെയ്തിരിക്കുന്നത്. 2018 ല്‍ ഉത്തര്‍പ്രദേശില്‍ പ്രാദേശിക തിരഞ്ഞെടുപ്പ് നടക്കുമെന്നത് മുന്നില്‍ കണ്ടാണ് വിഎച്ച്പി പരാമര്‍ശമെന്നാണ് സൂചന. ഹിന്ദുവോട്ടുകള്‍ സമാഹരിക്കുക എന്ന ലക്ഷ്യമാണ് പരാമര്‍ശങ്ങള്‍ക്ക് പിന്നിലെന്നാണ് വിവരം,

ഇത് മൂന്നാമത്തെ തവണയാണ് ധര്‍മസന്‍സദില്‍ പങ്കെടുക്കുന്ന നേതാക്കള്‍ വിവാദ പരാമര്‍ശം നടത്തുന്നത്. വിവാദങ്ങള്‍ക്ക് തുടക്കമിട്ടത് ആര്‍ംഎസ്എസ് തലവന്‍ മോഹന്‍ ഭാഗവതാണ്. പിന്നാലെ പൊതു വ്യക്തനിയമം വരുന്നതുവരെ സാമുദായിക സന്തുലനം നിലനിര്‍ത്താന്‍ ഹിന്ദുക്കള്‍ക്ക് നാലുകുട്ടികള്‍ ഉണ്ടാവണമെന്ന് മുതിര്‍ന്ന സന്യാസിമാരിലൊരാള്‍ ആവശ്യപ്പെട്ടിരുന്നു. ധര്‍മസന്‍സദ് ഇന്ന് അവസാനിക്കും.