ന്യൂഡല്‍ഹി: ഇന്ത്യയുടെ പരമോന്നത ഭരണഘടനാ പദവിയിലെത്തിയ ശേഷം ആദ്യമായി രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഉത്തര്‍പ്രദേശിലെ കാണ്‍പുരിലുള്ള സ്വന്തം ജന്‍മസ്ഥലം സന്ദര്‍ശിക്കുന്നു. വെള്ളിയാഴ്ച സഫ്ദര്‍ജങ് റെയില്‍വേ സ്റ്റേഷനില്‍ നിന്ന് കാണ്‍പുരിലേക്ക് തിരിക്കുന്ന പ്രത്യേക തീവണ്ടിയിലാണ് രാഷ്ട്രപതിയുടെ യാത്ര. 

യാത്രാമധ്യേ കാണ്‍പുരിലെ ജിന്‍ജാക്ക്, രുരാ എന്നീ രണ്ട് സ്ഥലങ്ങളില്‍ ട്രെയിന്‍ നിര്‍ത്തും. സ്‌കൂള്‍ കാലഘട്ടത്തിലെ ബാല്യകാല സുഹൃത്തുക്കളുമായി രാഷ്ട്രപതിക്ക് നേരിട്ട് സംസാരിക്കാനായാണ് ഇവിടെ സ്‌റ്റോപ്പുകള്‍ അനുവദിച്ചത്. ജൂണ്‍ 27-ന് ജന്‍മസ്ഥലമായ കാണ്‍പുരിലെ പരൗഖ് ഗ്രാമത്തില്‍ നടക്കുന്ന രണ്ട് സ്വീകരണ ചടങ്ങുകളിലും അദ്ദേഹം പങ്കെടുക്കും. ജന്‍മനാട്ടിലെത്താന്‍ രാഷ്ട്രപതി നേരത്തെതന്നെ ആഗ്രഹിച്ചിരുന്നെങ്കിലും കോവിഡ് വ്യാപന സാഹചര്യത്തില്‍ ഇതുസാധ്യമായിരുന്നില്ലെന്ന് രാഷ്ട്രപതി ഭവന്‍ പ്രസ്താവനയില്‍ അറിയിച്ചു. 

സ്വന്തം നാട്ടിലെ പരിപാടികള്‍ക്ക് ശേഷം ജൂണ്‍ 28ന് കാണ്‍പൂര്‍ സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് നിന്ന് ലഖ്‌നൗവിലേക്കും രാഷ്ട്രപതി ട്രെയിന്‍ മാര്‍ഗം തന്നെ യാത്ര തിരിക്കും. അവിടെനിന്നും തിരിച്ച് ഡല്‍ഹിയിലേക്കുള്ള യാത്ര വിമാന മാര്‍ഗമാണ്. 

പതിനഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷം ഇതാദ്യമായാണ് ഒരു രാഷ്ട്രപതി ട്രെയിനില്‍ യാത്ര ചെയ്യുന്നതെന്ന പ്രത്യേകത കൂടി രാംനാഥ് കോവിന്ദിന്റെ യാത്രയ്ക്കുണ്ട്. 2006ല്‍ മുന്‍ രാഷ്ട്രപതി എപിജെ അബ്ദുള്‍ കലാമാണ് രാഷ്ട്രപതി പദവിയിലിരിക്കെ ഒടുവില്‍ ട്രെയിനില്‍ യാത്ര ചെയ്തത്. ഇന്ത്യന്‍ മിലിട്ടറി അക്കാദമിയിലെ പാസിങ് ഔട്ട് പരേഡില്‍ പങ്കെടുക്കാന്‍ ഡെറാഡൂണിലേക്കായിരുന്നു അന്നത്തെ യാത്ര. ഇന്ത്യയുടെ ആദ്യ രാഷ്ട്രപതിയായിരുന്ന രാജേന്ദ്ര പ്രസാദ് പലപ്പോഴും ട്രെയിന്‍ യാത്ര നടത്തിയിരുന്നു.

content highlights: Ram Nath Kovind to be first president in 15 years to undertake train journey