ന്യൂഡല്‍ഹി: അയോധ്യ രാമക്ഷേത്ര നിര്‍മാണത്തിനായി കേരളത്തില്‍ നിന്ന് പതിമൂന്ന് കോടി രൂപ സംഭാവന ലഭിച്ചതായി ശ്രീരാം ജന്മഭൂമി തീര്‍ഥ ക്ഷേത്ര ട്രസ്റ്റ് ജനറല്‍ സെക്രട്ടറി ചമ്പത്ത് റായ്. രാജ്യത്ത് നിന്ന് ആകെ ലഭിച്ച സംഭാവന 2500 കോടി രൂപയാണ്. ഏറ്റവും കൂടുതല്‍ സംഭാവന ലഭിച്ചത് രാജസ്ഥാനില്‍ നിന്നാണെന്നും ചമ്പത്ത് റായ് അറിയിച്ചു.

മാര്‍ച്ച് നാല് വരെ ലഭിച്ച കണക്കുകളാണ് ശ്രീരാം ജന്മഭൂമി തീര്‍ഥ ക്ഷേത്ര ട്രസ്റ്റ് ഇപ്പോള്‍ പുറത്ത് വിട്ടിരിക്കുന്നത്. അന്തിമ കണക്കെടുപ്പില്‍ ഈ തുക വര്‍ധിച്ചേക്കാമെന്നും ട്രസ്റ്റ് വൃത്തങ്ങള്‍ അറിയിച്ചു. കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ നിന്ന് ന്യൂനപക്ഷ മത വിഭാഗത്തില്‍പ്പെട്ടവരും സംഭാവന നല്‍കിയിട്ടുണ്ടെന്ന് ചമ്പത്ത് റായ് മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.

ജനുവരി 15 മുതല്‍ ഫെബ്രുവരി 27 വരെയായിരുന്നു ക്ഷേത്ര നിര്‍മാണത്തിന് വീടുകള്‍ കയറിയും സ്ഥാപനങ്ങള്‍ കയറിയുമുള്ള സംഭാവന സ്വീകരിക്കല്‍. ഇനി ഓണ്‍ലൈന്‍ മുഖേനെ മാത്രമേ സംഭാവന സ്വീകരിക്കുകയുള്ളൂ. വിദേശ സംഭാവന സ്വീകരിക്കുന്നതിനുള്ള അനുമതി ട്രസ്റ്റിന് ഇതുവരെ ലഭിച്ചിട്ടില്ല. ലഭിച്ചാല്‍ ഉടന്‍ വിദേശത്ത് നിന്നുള്ള സംഭാവനയും ട്രസ്റ്റ് സ്വീകരിക്കും. 

തമിഴ്നാട്ടില്‍ നിന്ന് ക്ഷേത്ര നിര്‍മാണത്തിന് 85 കോടി രൂപയാണ് സംഭാവന ലഭിച്ചത്. തമിഴ്‌നാട്ടില്‍ സംഭാവന സ്വീകരിക്കുന്നതിന് ചില ബുദ്ധിമുട്ടുകള്‍ നേരിട്ടിരുന്നു. എന്നാല്‍ ഇത് മറികടന്ന് മികച്ച പ്രതികരണമാണ് സംസ്ഥാനത്ത് നിന്ന്‌ ലഭിച്ചതെന്നും ചമ്പത്ത് റായ് അറിയിച്ചു. രാജ്യത്ത് ഏറ്റവും കൂടുതല്‍ സംഭാവന നല്‍കിയത് ആരെന്നോ, ആ തുക എത്രയാണെന്നോ വ്യക്തമാക്കാന്‍ ട്രസ്റ്റ് തയ്യാറായിട്ടില്ല. 

പ്രധാന ക്ഷേത്രത്തിന്റെ നിര്‍മാണത്തിന് മാത്രമായി 400 കോടി ചെലവ് വരുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ ഈ തുക ഉയരും എന്നാണ് ഇപ്പോഴത്തെ കണക്ക് കൂട്ടല്‍. ക്ഷേത്രത്തിന് പുറമെ 67 ഏക്കര്‍ വിസ്തൃതിയിലുള്ള ക്ഷേത്ര സമുച്ചയം വികസപ്പിക്കുന്നതിന് 1100 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തില്‍ ലഭിച്ച ഭൂമിയുടെ സമീപത്തുള്ള ചില ഭൂമിയും പണം നല്‍കി വാങ്ങാന്‍ ട്രസ്റ്റ് തീരുമാനിച്ചിട്ടുണ്ട്. മൂന്ന് വര്‍ഷം കൊണ്ട് ക്ഷേത്ര നിര്‍മാണം പൂര്‍ത്തിയാക്കുമെന്നും ട്രസ്റ്റ് ജനറല്‍ സെക്രട്ടറി ചമ്പത്ത് റായ് അറിയിച്ചു.

Content Highlights: Ram Mandir Fund Drive Complete; Trust Estimates Rs 2500 Cr Collected