അയോധ്യ: രാമക്ഷേത്രം പണിയുന്നതിന്റെ ഭാഗമായി രാമജന്മഭൂമിയിലെ ക്ഷേത്രത്തില്‍നിന്ന് പ്രതിഷ്ഠയായ രാം ലല്ലയെ മാനസ് ഭവനു സമീപമുള്ള താത്കാലിക ക്ഷേത്രത്തിലേക്ക് മാറ്റി പ്രതിഷ്ഠിച്ചു. ഒമ്പതു ദിവസം നീണ്ടു നില്‍ക്കുന്ന നവരാത്രി ഉത്സവത്തിന്റെ ആദ്യദിനമായ ബുധനാഴ്ച പുലര്‍ച്ചെ 4.30ന് നടന്ന ചടങ്ങുകള്‍ക്ക് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നേതൃത്വം നല്‍കി. 

ന്യൂഡല്‍ഹി, അയോധ്യ, വാരണാസി എന്നിവിടങ്ങളില്‍ നിന്നുള്ള നിരവധി പുരോഹിതന്മാര്‍ ചടങ്ങില്‍ പങ്കെടുത്തു. 

പുരോഹിതന്മാര്‍ കുറിച്ച് നല്‍കിയ മൂഹൂര്‍ത്തത്തിലാണ് രാമജന്മഭൂമിയിലെ താല്ക്കാലിക ക്ഷേത്രത്തില്‍നിന്ന് രാംലല്ലയെ പല്ലക്കില്‍ പുറത്തേക്ക് ആനയിച്ചത്. മുഖ്യമന്ത്രി ആദിത്യനാഥിനൊപ്പം നാലുപേര്‍ ഈ പല്ലക്ക് വഹിച്ചുകൊണ്ട് നിലവിലുള്ള ക്ഷേത്രത്തിന് ഏതാനും മീറ്ററുകള്‍ അകലെ പണികഴിപ്പിച്ച താല്‍ക്കാലിക ക്ഷേത്രത്തിലേക്ക് എത്തിച്ചേര്‍ന്നു. 

രാം ലല്ലയെ മാറ്റി പ്രതിഷ്ഠിക്കുന്നതിന്റെ ഭാഗമായി തിങ്കളാഴ്ച രാവിലെ മുതല്‍ രാമ ജന്മഭൂമിയില്‍ വേദകര്‍മങ്ങള്‍ ആരംഭിച്ചിരുന്നു. 
ആന്ധ്രാപ്രദേശ്, ന്യൂഡല്‍ഹി, ഹരിദ്വാര്‍, മഥുര, വാരണാസി, അയോധ്യ എന്നിവിടങ്ങളില്‍ നിന്നുള്ള പുരോഹിതന്മാര്‍ ചടങ്ങുകളില്‍ പങ്കെടുത്തു. 

അയോധ്യയില്‍ മഹാക്ഷേത്രം പണിയുന്നതിന്റെ ഭാഗമായാണ് രാം ലല്ലയെ മാറ്റി പ്രതിഷ്ഠിക്കുന്നത്. നിലവിലെ ക്ഷേത്രത്തില്‍നിന്ന് 150 മീറ്റര്‍ മാറിയാണ് മാനസ് ഭവന് സമീപമുള്ള താത്ക്കാലിക ക്ഷേത്രം നിലകൊള്ളുന്നത്. രാമക്ഷേത്രത്തിന്റെ പണി പൂര്‍ത്തിയാകുംവരെ പ്രതിഷ്ഠയവിടെ തുടരും.

നിലവില്‍ പ്രതിഷ്ഠയുള്ളിടത്താണ് പുതിയ ക്ഷേത്രം പണിയുന്നത്. പണിപൂര്‍ത്തിയാകുന്നതോടെ ആരാധനയും അനുഷ്ഠാനങ്ങളും പുനഃരാരംഭിക്കും. 

Content Highlights:Ram Lalla was relocated from the makeshift temple to a pre-fabricated one within Ram janmabhumi