ന്യൂഡല്‍ഹി: തെലുഗു സിനിമാതാരങ്ങളായ റാണാ ദഗ്ഗുബാട്ടി, രവി തേജ, രാകുല്‍ പ്രീത് സിങ് എന്നിവരുള്‍പ്പെടെ 12 പേരെ മയക്കുമരുന്നു കേസില്‍ ചോദ്യം ചെയ്യാനൊരുങ്ങി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്(ഇ.ഡി.). 

നാലുവര്‍ഷം പഴക്കമുള്ള മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ടാണ് ഇവരെ ചോദ്യം ചെയ്യുന്നത്. രാകുലിനോട് സെപ്റ്റംബര്‍ ആറിനും റാണയോട് സെപ്റ്റംബര്‍ എട്ടിനും രവി തേജയോട് സെപ്റ്റംബര്‍ ഒന്‍പതിനും ഹാജരാകാനാണ് ഇ.ഡി. ആവശ്യപ്പെട്ടിരിക്കുന്നത്. സംവിധായകന്‍ പുരി ജഗന്നാഥ് സെപ്റ്റംബര്‍ 31-നാണ് ഹാജരാകേണ്ടത്. 

മുപ്പതുലക്ഷം വിലവരുന്ന മയക്കുമരുന്ന് 2017-ലാണ് തെലങ്കാന എക്‌സൈസ് വകുപ്പ് പിടിച്ചെടുക്കുന്നത്. ഇതിനു പിന്നാലെ 12 കേസുകളും രജിസ്റ്റര്‍ ചെയ്തിരുന്നു. 11 കേസുകളില്‍ കുറ്റപത്രം സമര്‍പ്പിച്ചിട്ടുണ്ട്. എക്‌സൈസ് വകുപ്പ് രജിസ്റ്റര്‍ ചെയ്ത കേസുകളുടെ അടിസ്ഥാനത്തിലാണ് കള്ളപ്പണം വെളുപ്പിക്കല്‍ നടന്നോയെന്ന അന്വേഷണം ഇ.ഡി ആരംഭിച്ചത്. 

അതേസമയം രാകുല്‍ പ്രീത് സിങ്, റാണാ, രവി തേജ, പുരി ജഗനാഥ് എന്നിവരെ ഇതുവരെ പ്രതിചേര്‍ത്തിട്ടില്ല. ഇവര്‍ കള്ളപ്പണം വെളുപ്പിക്കലില്‍ പങ്കാളികളായിട്ടുണ്ടോയെന്ന് ഇപ്പോള്‍ പറയാനാകില്ലെന്ന് ഇ.ഡി. ഉദ്യോഗസ്ഥന്‍ പ്രതികരിച്ചു. മയക്കുമരുന്നു കേസുമായി ബന്ധപ്പെട്ട് തെലങ്കാന എക്‌സൈസ് വകുപ്പ് ഇതുവരെ 30 പേരെ അറസ്റ്റ് ചെയ്യുകയും 62 പേരെ ചോദ്യം ചെയ്യുകയും ചെയ്തിട്ടുണ്ട്. ഇതില്‍ 11 പേര്‍ സിനിമാമേഖലയുമായി ബന്ധമുള്ളവരാണ്. 

Content Highlights: rakul preet and several other actors summoned in drug case