ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ പുതിയ കര്‍ഷക നിയമങ്ങള്‍ക്കെതിരേ സ്വരം കടുപ്പിച്ച് ഭാരതീയ കിസാന്‍ യൂണിയന്‍ നേതാവ് രാകേഷ് ടിക്കായത്. കര്‍ഷകരെ അവഗണിക്കുന്നവരെ ഒരു പാഠം പഠിപ്പിക്കാന്‍ തങ്ങള്‍ക്കറിയാമെന്നും ടിക്കായത്ത് വ്യക്തമാക്കി. 
 
'കര്‍ഷക മഹാസഭയിലൂടെ ബധിരരും മൂകരുമായ സര്‍ക്കാരിനെ ഉണര്‍ത്താനുള്ളതെല്ലാം ചെയ്തുകഴിഞ്ഞു. കര്‍ഷകരെ അവഗണിക്കുന്നവരെ ഒരു പാഠം പഠിപ്പിക്കാനും ഞങ്ങള്‍ക്കറിയാം. ആരും അത് മറക്കണ്ട.',ട്വീറ്റില്‍ രാകേഷ് ടിക്കായത്ത് പറയുന്നു.

ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ പ്രതിഷേധം കടുപ്പിക്കുമെന്ന് ഈ മാസം ആദ്യം സര്‍ക്കാരിന് ടിക്കായത്ത് അന്ത്യശാസനം നല്‍കിയിരുന്നു. 'സര്‍ക്കാര്‍ ഞങ്ങളെ കേള്‍ക്കുന്നില്ല. വിവാദ കാര്‍ഷിക നിയമങ്ങള്‍ റദ്ദാക്കണമെന്നാണ് ഞങ്ങളുടെ ആവശ്യം. രണ്ടുമാസം സമയം നല്‍കും. സര്‍ക്കാര്‍ ചര്‍ച്ച നടത്തണം. ആവശ്യങ്ങള്‍ അംഗീകരിക്കും വരെ പ്രതിഷേധം തുടരും.' ടിക്കായത്ത് പറഞ്ഞു. 

കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന കാര്‍ഷിക നിയമങ്ങള്‍ റദ്ദാക്കാന്‍ കൂടുതല്‍ സമ്മര്‍ദ്ദം ചെലുത്തുന്നതിന്റെ ഭാഗമായി ഡല്‍ഹിയിലെ ജന്ദര്‍ മന്ദറില്‍ കഴിഞ്ഞ മൂന്ന് ദിവസമായി കര്‍ഷകര്‍ കര്‍ഷക പാര്‍ലമെന്റ് സംഘടിപ്പിച്ചു വരികയാണ്.