ഗാസിയാബാദ്: കര്‍ഷക സമരത്തെ പിന്തുണച്ചുകൊണ്ട് മൂന്ന് സംസ്ഥാനങ്ങളിലായി നടക്കുന്ന മഹാപഞ്ചായത്തുകളില്‍ ഭാരതീയ കിസാന്‍ യൂണിയന്‍ നേതാവ് രാകേഷ് ടികായത്ത് പങ്കെടുക്കും. സമരത്തെ പിന്തുണച്ചുകൊണ്ട് ഹരിയാന, മഹാരാഷ്ട്ര, രാജസ്ഥാന്‍ സംസ്ഥാനങ്ങളില്‍ നടക്കുന്ന ഏഴ് പൊതുസമ്മേളനങ്ങളിലാണ് ടിക്കായത്ത് പങ്കെടുക്കുക. 

ഹരിയാനയിലെ കര്‍ണാല്‍, റോഹ്തക്, സിര്‍സ, ഹിസാര്‍ ജില്ലകളിലും മഹാരാഷ്ട്രയിലെ അകോല, രാജസ്ഥാനിലെ സികാര്‍ എന്നിവിടങ്ങളിലുമാണ് കിസാന്‍ മഹാപഞ്ചായത്തുകള്‍ നടക്കുക. ഈ കിസാന്‍ മഹാപഞ്ചായത്തുകള്‍ ഫെബ്രുവരി 23 ന് അവസാനിക്കുമെന്ന് ബി.കെ.യുവിന്റെ മാധ്യമ ചുമതലയുള്ള ധര്‍മേന്ദ്ര മാലിക് അറിയിച്ചു.

കര്‍ഷകര്‍ക്ക് അവരുടെ ഉത്പന്നങ്ങള്‍ക്ക് താങ്ങുവില ഉറപ്പുനല്‍കുന്ന നിയമം കൊണ്ടുവരണമെന്ന് ടികായത്ത് നേരത്തെ ആവശ്യപ്പെട്ടിരുന്നു. രാജ്യത്ത് താങ്ങുവില ഉണ്ടെന്നും അത് തുടരുക തന്നെ ചെയ്യുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പാര്‍ലമെന്റില്‍ പറഞ്ഞതിന് പിന്നാലെയാണ് ടികായത്ത് ഇക്കാര്യം ആവശ്യപ്പെട്ടത്. 

കേന്ദ്ര സര്‍ക്കാരിന്റെ മൂന്ന് കാര്‍ഷിക സമരങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പ് നവംബര്‍ മുതല്‍ ഡല്‍ഹി അതിര്‍ത്തിയില്‍ കര്‍ഷകര്‍ സമരത്തിലാണ്. പ്രതിഷേധക്കാരുമായി സര്‍ക്കാര്‍ 11 തവണ ചര്‍ച്ച നടത്തെയെങ്കിലും ഒത്തുതീര്‍പ്പിലെത്തിയിരുന്നില്ല.

Content Highlights: Rakesh Tikait To Join 7 Farmers' 'Mahapanchayats' In 3 States From Sunday