ന്യൂഡല്‍ഹി: അതിര്‍ത്തി സുരക്ഷാ സേന(ബി.എസ്.എഫ്.) ഡയറക്ടര്‍ ജനറല്‍ രാകേഷ് അസ്താനയെ ഡല്‍ഹി പോലീസ് കമ്മിഷണറായി കേന്ദ്രസര്‍ക്കാര്‍ നിയമിച്ചു. ഗുജറാത്ത് കേഡറില്‍നിന്നുള്ള 1984 ബാച്ച് ഐ.പി.എസ്. ഉദ്യോഗസ്ഥനായ അസ്താനയെ വിരമിക്കാന്‍ മൂന്നു ദിവസം ബാക്കി നില്‍ക്കേയാണ് ഡല്‍ഹി പോലീസ് കമ്മിഷണറായി നിയമിച്ചത്. 

2019 ജനുവരിയില്‍ സി.ബി.ഐ. സ്‌പെഷല്‍ ഡയക്ടറായിരിക്കേ അന്നത്തെ മേധാവി അലോക് വര്‍മ്മയുമായി കൊമ്പ് കോര്‍ത്തതു വിവാദമായി. അസ്താനയെ സ്‌പെഷല്‍ ഡയറക്ടറായി നിയമിച്ചത് അലോക് വര്‍മ എതിര്‍ത്തിരുന്നു. തുടര്‍ന്ന് വര്‍മയ്‌ക്കൊപ്പം സി.ബി.ഐ.യില്‍ നിന്നു പുറത്തുപോയ അസ്താനയെ നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ(എന്‍.സി.ബി.) ഡയറക്ടര്‍ ജനറലായി നിയമിച്ചു. 

പ്രധാനമന്ത്രി നരേന്ദ്രമോദിയുമായും ആഭ്യന്തരമന്ത്രി അമിത് ഷായുമായും അടുത്ത ബന്ധമാണ് അസ്താനയ്ക്കുള്ളത്. മോദിയുടെ 'കണ്ണിലുണ്ണി'യാണ് അസ്താനയെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി വിശേഷിപ്പിച്ചിരുന്നു. ഡല്‍ഹിക്ക് പുറത്ത് നിന്നുള്ള അസ്താന മേധാവിയായി നിയമിതനാകുന്നതില്‍ ഡല്‍ഹി പോലീസിനിടയില്‍ ഒരു വിഭാഗത്തിന് അതൃപ്തിയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

 

Content Highlights: Rakesh asthana to take over as delhi police commissioner