ന്യൂഡല്‍ഹി: കേരളാ കോണ്‍ഗ്രസ് രാജ്യസഭാ സീറ്റ് വിട്ടുനല്‍കാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചു. സീറ്റ് വിട്ടുനല്‍കാന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി അനുമതി നല്‍കിയതിനെ തുടര്‍ന്നാണ് തീരുമാനം. മുന്നണിയുടെ പൊതു താത്പര്യം കണക്കിലെടുത്താണ് തീരുമാനമെന്ന് ഡല്‍ഹിയില്‍ നടത്തിയ പത്രസമ്മേളനത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ വ്യക്തമാക്കി.

ഇതൊരു പ്രത്യേക കേസായി കണക്കിലെടുത്താണ് സീറ്റ് വിട്ട് നല്‍കാന്‍ തീരുമാനിച്ചതെന്ന് എഐസിസി ജനറല്‍ സെക്രട്ടറി ഉമ്മന്‍ ചാണ്ടി പറഞ്ഞു.  മാണിയുടെ പ്രത്യേക അഭ്യര്‍ഥന മാനിച്ചാണ് തീരുമാനമെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു. വീണ്ടും ഒഴിവുവരുമ്പോള്‍ ആ സീറ്റ് കോണ്‍ഗ്രസിന് ലഭിക്കുമെന്നും ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. 

യുഡിഎഫിനെ ശക്തിപ്പെടുത്താനാണ് വിട്ടുവീഴ്ചയെന്ന് കെ.പി.സി.സി പ്രസിഡന്റ് എം.എം. ഹസന്‍ പറഞ്ഞു. ഒറ്റക്കെട്ടായെടുത്ത തീരുമാനമാണിതെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.

സീറ്റ് കേരളാ കോണ്‍ഗ്രസിന് വിട്ടുനല്‍കണമെന്ന മുസ്ലീം ലീഗിന്റെ സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങിയാണ് തീരുമാനമെന്നാണ് സൂചന.  അതേസമയം തീരുമാനത്തിനെതിരെ മുന്‍ കെ.പി.സി.സി അധ്യക്ഷന്‍ വി.എം സുധീരന്‍ രംഗത്തെത്തി. നടപടിക്ക് യാതൊരു ന്യായീകരണമില്ലെന്നും അദ്ദേഹം വിമര്‍ശിച്ചു. പല നേതാക്കളും തീരുമാനത്തില്‍ അസംതൃപ്തരാണെന്നാണ് വിവരം.