ന്യൂഡല്‍ഹി: വര്‍ഷകാല സമ്മേളനം ആരംഭിച്ച് രണ്ടാഴ്ച പിന്നിടുമ്പോള്‍ പ്രതിപക്ഷത്തിന്റെ തുടര്‍ച്ചയായുള്ള പ്രതിഷേധങ്ങളെ തുടര്‍ന്ന് രാജ്യസഭയ്ക്ക് നഷ്ടമായത് 40 മണിക്കൂര്‍. ആകെയുള്ള പ്രവര്‍ത്തനസമയമായ 50 മണിക്കൂറില്‍ നിന്നാണ് ഇത്രയും സമയം നഷ്ടമായത്. ഇതാദ്യമായി പാര്‍ലമെന്റിന്റെ പ്രവര്‍ത്തനം സംബന്ധിച്ച് ദിവസേന ബുള്ളിറ്റിനുകളും പ്രവര്‍ത്തന സമയവും രേഖപ്പെടുത്തുന്ന പ്രക്രിയ ആരംഭിച്ചതോടെയാണ് കണക്കുകള്‍ പുറത്ത് വന്നത്. 

ശൂന്യവേളയില്‍ ഉന്നയിക്കപ്പെടേണ്ട 130 സബ്മിഷനുകളും പ്രത്യേക പരിഗണന വേണ്ട 87 വിഷയങ്ങളുമാണ് ചര്‍ച്ച ചെയ്യപ്പെടാതെ പോയത്. രാജ്യസഭാ അധ്യക്ഷന്റെ അംഗീകാരം കിട്ടിയെങ്കിലും പൊതുജനങ്ങളെ ബാധിക്കുന്ന വിഷയങ്ങള്‍ ഉയര്‍ന്നുവരേണ്ട ചര്‍ച്ചയാണ് പ്രതിഷേധങ്ങള്‍ കാരണം നടക്കാതെ പോയതെന്നും ബുള്ളറ്റിനില്‍ പറയുന്നു. 

ആകെയുള്ള 50 മണിക്കൂറില്‍ 39.52 മണിക്കൂറും പ്രതിഷേധങ്ങള്‍ കാരണം നഷ്ടപ്പെട്ടു. അതേസമയം മുന്‍നിശ്ചയിച്ചതിലും 1.12 മണിക്കൂര്‍ സഭ അധികമായി സമ്മേളിച്ചു. ആദ്യ ഒന്‍പത് ദിവസത്തെ കണക്കുകള്‍ പരിശോധിച്ചാല്‍ വെറും 1.38 മണിക്കൂര്‍ മാത്രമാണ് തടസ്സമില്ലാതെ ശൂന്യവേള നടന്നത്. 1.24 മണിക്കൂര്‍ ചെലവിട്ട് നാല് ബില്ലുകളാണ് ഇതുവരെ വര്‍ഷകാല സമ്മേളനത്തില്‍ രാജ്യസഭ പാസ്സാക്കിയത്.

ആദ്യയാഴ്ചയില്‍ 4.37 മണിക്കൂര്‍ കോവിഡ് പ്രതിസന്ധി സംബന്ധിച്ച കാര്യങ്ങളില്‍ ചര്‍ച്ച നടന്നു. കേന്ദ്ര ഐ.ടി മന്ത്രി പെഗാസസ് വിഷയത്തെക്കുറിച്ചും പ്രസ്താവന നടത്തിയിരുന്നു. വര്‍ഷകാല സമ്മേളനം ആരംഭിക്കുന്നതിന് മുന്‍പ് കക്ഷിനേതാക്കളുമായി സഭാധ്യക്ഷന്‍ നടത്തിയ ചര്‍ച്ചയില്‍ സഭാസമ്മേളനത്തില്‍ കാര്യക്ഷമായ ചര്‍ച്ചകള്‍ നടക്കണമെന്ന് അഭ്യര്‍ത്ഥിച്ചിരുന്നു.

Content Highlights: Rajyasabha lost 40 out of 50 hours during first two weeks