ന്യൂഡല്‍ഹി: ബിജെപിക്ക് കുതിരക്കച്ചവടം നടത്തുന്നതിന് വേണ്ടിയാണ് രാജ്യസഭാ തിരഞ്ഞെടുപ്പ് വൈകിപ്പിച്ചതെന്ന ആരോപണവുമായി രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ട്. തന്റെ സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ബിജെപി സര്‍ക്കാര്‍ ശ്രമിക്കുന്നുവെന്നാരോപിച്ച് കോണ്‍ഗ്രസ് എംഎല്‍എമാരെ റിസോര്‍ട്ടിലേക്ക് മാറ്റിയതിന് പിന്നാലെയാണ് ഗെലോട്ടിന്റെ ആരോപണം. ഗുജറാത്തിലും രാജസ്ഥാനിലും വാങ്ങല്‍ പ്രക്രിയ പൂര്‍ത്തിയാക്കിയിട്ടില്ല, അതുകൊണ്ടാണ് രാജ്യസഭാ തിരഞ്ഞെടുപ്പ് രണ്ടു മാസം വൈകിപ്പിച്ചതെന്ന് അദ്ദേഹം പറഞ്ഞു.

'ഇവിടെ രാജ്യസഭാ തിരഞ്ഞെടുപ്പുണ്ട്. ഇത് രണ്ടുമാസം മുമ്പ് നടത്താമായിരുന്നു, പക്ഷേ അവര്‍ ഗുജറാത്തിലും രാജസ്ഥാനിലും വാങ്ങലും വില്‍പ്പനയും പൂര്‍ത്തിയാക്കിയിരുന്നില്ല, അതിനാല്‍ അവര്‍ കാലതാമസം വരുത്തി. തിരഞ്ഞെടുപ്പ് ഇപ്പോള്‍ നടക്കാന്‍ പോകുന്നു, സ്ഥിതിയും സമാനമാണ്'ഗെലോട്ട് പറഞ്ഞു.

കുതിരക്കച്ചവടം നടത്തി നിങ്ങള്‍ എത്രകാലം രാഷ്ട്രീയം നടത്തും. വരും ദിവസങ്ങളില്‍ കോണ്‍ഗ്രസ് അവര്‍ക്ക് ഒരു ഞെട്ടലുണ്ടാക്കിയാല്‍ അതിശയിക്കേണ്ടതില്ല. ജനങ്ങള്‍ എല്ലാം മനസ്സിലാക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ശിവ് വിലാസ റിസോര്‍ട്ടില്‍ താമസിപ്പിച്ചിട്ടുള്ള എംഎല്‍എമാരെ ബുധനാഴ്ച രാത്രി സന്ദര്‍ശിച്ചതിന് ശേഷം പ്രതികരിക്കുകയായിരുന്നു രാജസ്ഥാന്‍ മുഖ്യമന്ത്രി.

Content Highlights: Rajya Sabha Polls Delayed For Horse-Trading-Ashok Gehlot