കൊച്ചി: കേരളത്തില്‍ നിന്നുള്ള രാജ്യസഭാ അംഗങ്ങളുടെ വിരമിക്കലിന് മുമ്പ് തന്നെ തിരഞ്ഞെടുപ്പ് വിജ്ഞാപനം ഇറക്കുമെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍. ഏപ്രില്‍ 21നാണ് മൂന്ന് അംഗങ്ങളുടെ കാലാവധി അവസാനിക്കുന്നത്. ഇതിനുമുമ്പ് തിരഞ്ഞെടുപ്പ് വിജ്ഞാപനം ഇറക്കുമെന്നാണ് കമ്മീഷന്‍ ഹൈക്കോടതിക്ക് ഉറപ്പ് നല്‍കിയത്. കമ്മീഷന്റെ ഉറപ്പ് കോടതി രേഖപ്പെടുത്തി. 

രാജ്യസഭാ തിരഞ്ഞെടുപ്പ് മാറ്റിവയ്ക്കാനുള്ള കാരണം അറിയിക്കാനും തിരഞ്ഞെടുപ്പ് കമ്മീഷന് കോടതി നിര്‍ദേശം നല്‍കി. ഹര്‍ജികള്‍ മറ്റന്നാള്‍ വീണ്ടും പരിഗണിക്കും. ഏപ്രില്‍ 12ന് നടത്താനിരുന്ന രാജ്യസഭാ തിരഞ്ഞെടുപ്പ് നീട്ടിവെച്ചത് എന്തിനാണെന്ന കാര്യത്തില്‍ വ്യക്തത നല്‍കാന്‍ കമ്മീഷന് ഇതുവരെ സാധിച്ചിട്ടില്ല. അതുകൊണ്ടാണ് ഇക്കാര്യത്തില്‍ നിലപാട് അറിയിക്കാന്‍ കോടതി തിരഞ്ഞെടുപ്പ് കമ്മീഷന് നിര്‍ദേശം നല്‍കിയത്. 

അതേസമയം വിജ്ഞാപനം വന്ന് 19 ദിവസങ്ങള്‍ക്ക് ശേഷമേ രാജ്യസഭാ തിരഞ്ഞെടുപ്പ് നടത്താന്‍ സാധിക്കുകയുള്ളു. ഏപ്രില്‍ 21ന് തൊട്ടുമുമ്പുള്ള ദിവസമാണ് വിജ്ഞാപനം വരുന്നതെങ്കില്‍ 19 ദിവസം കഴിഞ്ഞ് മാത്രമേ നിയമസഭയില്‍ രാജ്യസഭാ തിരഞ്ഞെടുപ്പ് നടത്താന്‍ കഴിയു. മേയ് രണ്ടിനാണ് കേരളത്തിലെ നിയമസഭാ തിരഞ്ഞെടുപ്പ് ഫലം പുറത്തുവരുക. അതിനാല്‍ നിലവിലെ നിയമസഭാ അംഗങ്ങള്‍ക്ക് രാജ്യസഭാ തിരഞ്ഞെടുപ്പില്‍ വോട്ടുചെയ്യാന്‍ സാധിച്ചേക്കില്ല. ഇക്കാര്യമാണ് സംസ്ഥാന സര്‍ക്കാരും നിയമസഭാ സെക്രട്ടേറിയേറ്റും പ്രധാനമായും കോടതിയില്‍ ചൂണ്ടിക്കാണിച്ചത്. 

നിലവിലെ സാഹചര്യത്തില്‍ രാജ്യസഭാ തിരഞ്ഞെടുപ്പ് നടന്നാല്‍ ഇടതുമുന്നണിക്ക് രണ്ട് അംഗങ്ങളെ രാജ്യസഭയിലേക്ക് അയക്കാന്‍ സാധിക്കും. 

content highlights: Rajya Sabha election notification before April 21