ന്യൂഡല്‍ഹി: കേരളത്തില്‍ ഒഴിവുവന്ന മൂന്ന് രാജ്യസഭാ സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പ് ഏപ്രില്‍ 30ന് നടക്കും. നാമനിര്‍ദേശ പത്രിക ചൊവ്വാഴ്ച മുതല്‍ സമര്‍പ്പിക്കാം. നിയമസഭാ തിരഞ്ഞെടുപ്പ് ഫലം പുറത്തുവരുന്ന മേയ് രണ്ടിനകം രാജ്യസഭാ തിരഞ്ഞെടുപ്പ് നടത്തണമെന്ന ഹൈക്കോടതി ഉത്തരവിന് പിന്നാലെയാണ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം.

നേരത്തെ ഏപ്രില്‍ 12നാണ് കേരളത്തില്‍ ഒഴിവു വരുന്ന രാജ്യസഭാ സീറ്റുകളിലേക്ക് തിരഞ്ഞെടുപ്പ് നിശ്ചയിച്ചിരുന്നത്. എന്നാല്‍ വിജ്ഞാപനം പുറപ്പെടുവിക്കുന്ന ദിവസം തിരഞ്ഞെടുപ്പ് നീട്ടി വെക്കാനുള്ള തീരുമാനം തിരഞ്ഞെടുപ്പ് കമ്മീഷന്‍ എടുക്കുകയായിരുന്നു. ഇതിനെതിരെ സിപിഎമ്മും നിയമസഭ സെക്രട്ടറിയും ഹൈക്കോടതിയെ സമീപിച്ചാണ് അനുകൂല ഉത്തരവ് നേടിയത്. 

നിലവിലുള്ള നിയമസഭാംഗങ്ങള്‍ക്കാണ് വോട്ടവകാശമെന്നും അവരാണ് മൂന്ന് രാജ്യസഭാംഗങ്ങളെ തിരഞ്ഞെടുക്കേണ്ടതെന്നുമായിരുന്നു തിങ്കളാഴ്ച ഹൈക്കോടതി വിധിച്ചത്. രാജ്യസഭാംഗങ്ങളായ വയലാര്‍ രവി, കെകെ രാഗേഷ്, പിവി അബ്ദുള്‍ വഹാബ് എന്നിവരുടെ കാലാവധി ഏപ്രില്‍ 21നാണ് അവസാനിക്കുന്നത്.

content highlights: rajya sabha election in kerala on april 30