ഇന്ധന വിലകയറ്റത്തിനെതിരേ രാജ്യസഭയിൽ നടന്ന പ്രതിഷേധം
ന്യൂഡല്‍ഹി: പെട്രോള്‍, ഡീസല്‍, പാചകവാതക വിലവര്‍ധനയെച്ചൊല്ലി പ്രതിപക്ഷ അംഗങ്ങള്‍ ബഹളം വെച്ചതിനേത്തുടര്‍ന്ന് രാജ്യസഭ ഒരു മണിക്കൂര്‍ നേരത്തേയ്ക്ക് നിര്‍ത്തിവെച്ചു. ഇന്ധന വിലക്കയറ്റം സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് രാജ്യസഭാ പ്രതിപക്ഷ നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ നല്കിയ നോട്ടീസ് അധ്യക്ഷന്‍ അനുവദിച്ചില്ല. ധനാഭ്യര്‍ത്ഥനാ ചര്‍ച്ചയ്ക്കൊപ്പം ഈ വിഷയവും ചര്‍ച്ച ചെയ്യാമെന്നാണ് അധ്യക്ഷന്‍ എം. വെങ്കയ്യ നായിഡു അറിയിച്ചത്. ഇതില്‍ തൃപ്തിയാവാതെ കോണ്‍ഗ്രസ് അംഗങ്ങള്‍ നടുത്തളത്തിലിറങ്ങി മുദ്രാവാക്യം വിളിച്ചതോടെയാണ് സഭ രാവിലെ 11 മണിവരെ നിര്‍ത്തിവെച്ചത്.
അന്താരാഷ്ട്ര വിപണിയില്‍ അസംസ്കൃത എണ്ണയ്ക്ക് വിലകുറഞ്ഞിട്ടും രാജ്യത്ത് പെട്രോളിനും ഡീസലിനും പാചകവാതകത്തിനും വില വര്‍ധിക്കുകയാണെന്ന് ഖാര്‍ഗെ പറഞ്ഞു. പെട്രോള്‍ ലിറ്ററിന് നൂറു രൂപയ്ക്കടുത്തെത്തി. ഡീസലിന് 80 രൂപയിലേറെയായി. എക്സൈസ് ഡ്യൂട്ടിയും സെസ്സും വഴി സര്‍ക്കാര്‍ 21 ലക്ഷം കോടി രൂപ സമാഹരിച്ചുകഴിഞ്ഞു. ജനങ്ങളാണ് ഇതുകൊണ്ട് ഏറെ ബുദ്ധിമുട്ടുന്നതെന്നും ഈ വിഷയം സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്നും ഖാര്‍ഗെ പറഞ്ഞു.
എന്നാല്‍, ഇതനുവദിക്കാതെ അധ്യക്ഷന്‍ ചോദ്യോത്തര വേളയിലേക്ക് കടന്നതോടെ കോണ്‍ഗ്രസ് അംഗങ്ങള്‍ നടുത്തളത്തിലേക്കിറങ്ങി മുദ്രാവാക്യം വിളിച്ചു. തുടര്‍ന്ന് സഭ നിര്‍ത്തിവെക്കുകയായിരുന്നു.
content highlights: Rajya Sabha adjourned as Opposition parties raise slogans against increasing fuel price
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..