ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ ഈ വര്‍ഷത്തെ പത്മ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. സിനിമാതാരം രജനീകാന്ത്, ജീവനകലയുടെ ആചാര്യന്‍ ശ്രീ ശ്രീ രവിശങ്കര്‍ എന്നിവര്‍ക്ക് പത്മവിഭൂഷണും ടെന്നിസ് താരം സാനിയ മിര്‍സ, ബാഡ്മിന്റണ്‍ താരം സൈന നേവാള്‍ എന്നിവര്‍ക്ക് പത്മഭൂഷണും നല്‍കും. ഗാന്ധിയന്‍ പി.ഗോപിനാഥന്‍ നായര്‍, പൊതുപ്രവര്‍ത്തക സുനിത കൃഷ്ണന്‍, പ്രവാസി വ്യവസായി ഡോ. സുന്ദര്‍ ആദിത്യ മേനോന്‍ എന്നിവരാണ് പത്മശ്രീ ലഭിച്ച മലയാളികള്‍. ആന്ധ്ര സര്‍ക്കാരാണ് സുനിത കൃഷ്ണന്റെ പേര് ശുപാര്‍ശ ചെയ്തത്. കേരളത്തിന്റെ ശുപാര്‍ശയില്‍ മുന്‍ സി. എ.ജി.വിനോദ് റായിക്ക് പത്മഭൂഷണ്‍ നല്‍കും.

ഹൈദരാബാദിലെ രാമോജി ഫിലിം സിറ്റി സ്ഥാപകന്‍ രാമോജി റാവു, മുന്‍ ജമ്മു കശ്മീര്‍ ഗവര്‍ണറും കേന്ദ്ര മന്ത്രിയുമായിരുന്ന ജഗ്‌മോഹന്‍, അഡയാര്‍ കാന്‍സര്‍ സെന്റര്‍ ചെയര്‍പേഴ്‌സണ്‍ ഡോ. വി.ശാന്ത, നര്‍ത്തകി യാമിനി കൃഷ്ണമൂര്‍ത്തി, ഗായിക ഗിരിജാദേവി, ഡോ. വാസുദേവ് കാല്‍കുണ്ടെ ആത്രെ, എഴുത്തുകാരനായ അവിനാശ് ദീക്ഷിത് എന്നിവര്‍ക്കും മരണാനന്തര ബഹുമതിയായി റിലയന്‍സ് സ്ഥാപകന്‍ ധീരുഭായി അംബാനിക്കും പത്മവിഭൂഷണ്‍ നല്‍കും.

ബോളിവുഡ് താരം അനുപം ഖേര്‍, ഗായകന്‍ ഉദിത് നാരായണ്‍, ചിന്മയ മിഷന്‍ അധ്യക്ഷന്‍ സ്വാമി തേജോമയാനന്ദ, സമാധിയായ സ്വാമി ദയാനന്ദ സരസ്വതി എന്നിവഅക്കും പത്മഭൂഷണ്‍ നല്‍കും.

ചലച്ചിത്ര താരങ്ങളായ അജയ് ദേവ്ഗണ്‍, പ്രിയങ്ക ചോപ്ര, എസ്.എസ്. രാജമൗലി, മധുര്‍ ഭണ്ഡാര്‍ക്കര്‍, അമ്പെയ്ത്ത് താരം ദീപിക് കുമാരി, മുംബൈ ഭീകരാക്രമണക്കേസില്‍ പബ്ലിക് പ്രോസിക്യൂട്ടറായിരുന്ന ഉജ്വല്‍ നിഗം എന്നിവര്‍ക്കാണ് പത്മശ്രീ പ്രഖ്യാപിച്ചിരിക്കുന്നത്.

പത്മ പുരസ്‌കാരങ്ങളുടെ പൂര്‍ണ ലിസ്റ്റ്