ന്യൂഡല്‍ഹി: ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ക്ക് അറുതിവരുത്തുന്നതിനുള്ള നിയമനിര്‍മാണത്തിനായി പ്രത്യേക മന്ത്രിതല സമിതി രൂപവത്കരിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ്ങിന്റെ നേതൃത്വത്തിലാണ് നാലംഗങ്ങളുള്ള സമിതി പ്രവര്‍ത്തിക്കുക. ശുപാര്‍ശകള്‍ സമര്‍പ്പിക്കുന്നതിനായി കേന്ദ്ര ആഭ്യന്തര സെക്രട്ടറിയുടെ നേതൃത്വത്തില്‍ ഉന്നത തല സമിതി രൂപവത്കരിക്കാനും തീരുമാനിച്ചിട്ടുണ്ട്.

രാജ്‌നാഥ് സിങ്ങിനെ കൂടാതെ മന്ത്രിമാരായ സുഷമാ സ്വരാജ്, രവിശങ്കര്‍ പ്രസാദ്, തവാര്‍ചന്ദ് ഗലോട്ട് എന്നിവരടങ്ങുന്നതാണ് മന്ത്രിതല സമിതി. വര്‍ധിച്ചുവരുന്ന ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ നേരിടുന്നതിനുള്ള മാര്‍ഗങ്ങളും നിയമ നിര്‍മാണവും സംബന്ധിച്ച് ആഭ്യന്തര സെക്രട്ടറി രാജീവ് ഗൗബയുടെ നേതൃത്വത്തിലുള്ള സമിതിയുടെ നിര്‍ദേശങ്ങള്‍ മന്ത്രിതല സമിതിക്ക് സമര്‍പ്പിക്കും. തുടര്‍ന്ന് സമിതിയുടെ കണ്ടെത്തലുകളും നിര്‍ദ്ദേശങ്ങളും അടങ്ങുന്ന റിപ്പോര്‍ട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സമര്‍പ്പിക്കും. സമിതി റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിന് പ്രത്യേക സമയ പരിധി നിര്‍ദ്ദേശിച്ചിട്ടില്ല.

വര്‍ധിച്ചുവരുന്ന ആള്‍ക്കൂട്ട ആക്രമണങ്ങള്‍ തടയുന്നതിന് ശക്തമായ നിയമനിര്‍മാണം വേണമെന്ന് സുപ്രീം കോടതി ചൂണ്ടിക്കാട്ടിയിരുന്നു. ആള്‍ക്കൂട്ട വാഴ്ചയുടെ സ്വഭാവത്തിലുള്ള ഇത്തരം ആക്രമണങ്ങള്‍ ഞെട്ടിപ്പിക്കുന്നതാണെന്നും കോടതി ചൂണ്ടിക്കാട്ടിയിരുന്നു. ഏറ്റവും ഒടുവില്‍, പശുക്കടത്തല്‍ ആരോപിച്ച് രാജസ്ഥാനിലെ ആള്‍വാറില്‍ യുവാവിനെ ആള്‍ക്കൂട്ടം കൊലപ്പെടുത്തിയ സംഭവം വലിയ പ്രതിഷേധത്തിന് ഇടയാക്കുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് സര്‍ക്കാരിന്റെ പുതിയ നീക്കം.

Content Highlights: Rajnath Singh, Panel of Ministers for Anti-Lynching Law, mob lynching