രാജ്നാഥ് സിങ് | Photo:PTI
ന്യൂഡൽഹി: ബി.ജെ.പി ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങൾ നിറവേറ്റുന്നുണ്ടെന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്. ഭരണഘടനയുടെ 370-ാം അനുച്ഛേദം റദ്ദാക്കിയതും രാമക്ഷേത്ര നിർമാണവും ചൂണ്ടിക്കാട്ടിയായിരുന്നു മന്ത്രിയുടെ അവകാശവാദം. ബിഹാറിലെ ഗോപാൽ നാരായൺ സിങ് യൂണിവേഴ്സിറ്റിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അധികാരത്തിന് വേണ്ടിയല്ല, ജനങ്ങളുടെ ക്ഷേമത്തിന് വേണ്ടിയാണ് തങ്ങൾ രാഷ്ട്രീയപ്രവർത്തനത്തിൽ ഏർപ്പെട്ടിരിക്കുന്നതെന്ന് രാജ്നാഥ് സിങ് പറഞ്ഞു. 12 കോടി വീടുകളിൽ ടാപ്പുകൾ വഴി ഇപ്പോൾ വെള്ളമെത്തുന്നുണ്ട്. രാജ്യത്തെ എല്ലാ വീടുകളിലും നിലവിൽ വൈദ്യുതിയുണ്ട്. 2014-ൽ 18000 ഗ്രാമങ്ങളിൽ വൈദ്യുതിയില്ലായിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
രാജ്യത്തിന്റെ സാമ്പത്തിക വളർച്ച വളരെ വേഗത്തിലാണ്. ലോകത്തിലെ ഏറ്റവും മികച്ച അഞ്ച് സമ്പദ്‌വ്യവസ്ഥകളിൽ ഒന്ന് ഇന്ത്യയാണ്. ഇപ്പോൾ ലോകം ഉറ്റുനോക്കുന്നത് ഇന്ത്യയിലേക്കാണെന്നും രാജ്‌നാഥ് സിങ് പറഞ്ഞു.
രാജ്യത്തെ പ്രതിരോധ സാമഗ്രികളുടെ ഉത്പ്പാദനം ഒരു ലക്ഷം കോടി കവിഞ്ഞതായി മന്ത്രി അവകാശപ്പെട്ടു. നേരത്തെ ഇത് 1000 കോടിയിൽ താഴെയായിരുന്നു. നിലവിൽ 16000 കോടി രൂപയോളം വരുന്ന റെക്കോഡ് കയറ്റുമതിയാണ് രാജ്യത്ത് നടക്കുന്നത്. വരുംവർഷങ്ങളിൽ ഇത് 35000 കോടിയിലെത്താനാണ് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു.
റഷ്യ-യുക്രെെൻ യുദ്ധത്തിനിടെ ഇന്ത്യൻ വിദ്യാർഥികളെ സുരക്ഷിതമായി നാട്ടിലെത്തിക്കുന്നതിൽ പ്രധാനമന്ത്രി പ്രധാന പങ്ക് വഹിച്ചു. റഷ്യ, യുക്രെയ്ൻ, അമേരിക്ക എന്നീ രാജ്യങ്ങളുടെ പ്രസിഡന്റുമാരുമായി പ്രധാനമന്ത്രി സംസാരിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു.
Content Highlights: Rajnath Singh says BJP is a party that fulfills its promises
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..