Representational image | ഫോട്ടോ: PTI
ന്യൂഡല്‍ഹി: അരുണാചല്‍പ്രദേശിലെ തവാങ്ങ് സെക്ടറില്‍ ഇന്ത്യ-ചൈന സൈനികര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തെക്കുറിച്ച് ചര്‍ച്ചചെയ്യാന്‍ കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് ഉന്നതതല യോഗം വിളിച്ചു. യോഗത്തില്‍ സംയുക്ത സൈനിക മേധാവിയും മൂന്ന് സേനാ മേധാവിമാരും ദേശീയ സുരക്ഷാ ഉപദേഷ്ടാവും പങ്കെടുക്കും. അതിര്‍ത്തിയിലെ നിലവിലെ സാഹചര്യം സംയുക്ത സൈനിക മേധാവി പ്രതിരോധ മന്ത്രിയെ ധരിപ്പിക്കും. ഇതിന്റെ അടിസ്ഥാനത്തില്‍ സംഘര്‍ഷത്തെക്കുറിച്ച് മന്ത്രി ചൊവ്വാഴ്ച പാര്‍ലമെന്റിലെ ഇരുസഭകളിലും പ്രസ്താവന നടത്തും. വിഷയം അടിയന്തരമായി ചര്‍ച്ചചെയ്യണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് ഇരുസഭകളിലും നോട്ടീസ് നല്‍കിയിട്ടുണ്ട്.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് തവാങ്ങില്‍ ഇന്ത്യ-ചൈന സൈനികര്‍ തമ്മില്‍ സംഘര്‍മുണ്ടായത്. ഈ മേഖലയിലേക്ക് കടന്നുകയറാനുള്ള ചൈനീസ് സൈന്യത്തിന്റെ ശ്രമം ഇന്ത്യന്‍ സേന തടഞ്ഞതാണ് സംഘര്‍ഷത്തിലേക്ക് വഴിവെച്ചത്. യാങ്സെയിലെ ഇന്ത്യന്‍ പോസ്റ്റ് പിടിച്ചെടുക്കാനെത്തിയ മുന്നൂറോളം ചൈനീസ് സൈനികരെ ഇന്ത്യ തുരത്തുകയായിരുന്നു. സംഘര്‍ഷത്തില്‍ പരിക്കേറ്റ ഒമ്പത് ഇന്ത്യന്‍ സൈനികര്‍ ചികിത്സയിലാണ്. നിരവധി ചൈനീസ് സൈനികര്‍ക്കും സംഘര്‍ഷത്തില്‍ പരിക്കേറ്റിട്ടുണ്ട്.
ചൈനയുടെ പ്രകോപനത്തിനു തിരിച്ചടി നല്‍കിയതായും ഇരുഭാഗത്തെയും സൈനികര്‍ക്ക് നിസ്സാരപരിക്കുകളേറ്റതായും സൈനികവൃത്തങ്ങള്‍ അറിയിച്ചു. പിന്നാലെ ഇരുസൈന്യവും നിയന്ത്രണരേഖയില്‍നിന്ന് പിന്മാറി. മേഖലയില്‍ സമാധാനം പുനഃസ്ഥാപിക്കാനായി ഇരു രാജ്യങ്ങളിലെയും സൈനിക കമാന്‍ഡര്‍മാരുടെ ഫ്‌ളാഗ് മീറ്റിങ്ങും നടന്നു.
2020 ജൂണ്‍ 15-ന് കിഴക്കന്‍ ലഡാക്കിലെ ഗാല്‍വനിലുണ്ടായ സംഘര്‍ഷത്തിനുശേഷം ആദ്യമായാണ് ഇന്ത്യ-ചൈന സൈനികര്‍ നേരിട്ട് ഏറ്റുമുട്ടുന്നത്. ഗാല്‍വനില്‍ ചൈനീസ് സൈന്യത്തെ തുരത്തുന്നതിനിടെ 20 ഇന്ത്യന്‍ സൈനികര്‍ വീരമൃത്യുവരിച്ചിരുന്നു. അതിര്‍ത്തിയില്‍ തുടരുന്ന സംഘര്‍ഷാവസ്ഥ പരിഹരിക്കാന്‍ ചര്‍ച്ചകള്‍ നടക്കുന്നതിനിടെയാണ് തവാങ്ങിലും ചൈനയുടെ പ്രകോപനം. അതിനാല്‍ ഏറെ ഗൗരവത്തോടെയാണ് സര്‍ക്കാര്‍ വിഷയത്തെ കാണുന്നത്.
തവാങ് മേഖലയില്‍ ചൈന നേരത്തെ തന്നെ അവകാശവാദം ഉന്നയിച്ചിരുന്നു. ഇവിടെ 17,000 അടി ഉയരത്തില്‍ ഇന്ത്യ സ്ഥാപിച്ച പോസ്റ്റാണ് ചൈനീസ് സൈനികര്‍ കൈയേറാന്‍ ശ്രമിച്ചത്. 2008-ലും സമാനമായ സംഘര്‍ഷം ഈ മേഖലയിലുണ്ടായിരുന്നു.
Content Highlights: Rajnath Singh Meets Service Chiefs Over India-China Border Clash
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..