Photo: ANI
മോസ്‌കോ: മേഖലയില്‍ സമാധാനവും സ്ഥിരതയും ഉറപ്പുവരുത്തുന്നതിന് പരസ്പരവിശ്വാസത്തിന്റെയും അക്രമരാഹിത്യത്തിന്റെയും അന്തരീക്ഷം ആവശ്യമാണെന്ന് ഷാങ്ഹായ് സഹകരണ സംഘടനാ (എസ്.സി.ഒ) ഉച്ചകോടിയില്‍ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്. ഷാങ്ഹായ് സഹകരണ സംഘടനയുടെ തീവ്രവാദ വിരുദ്ധ നിലപാടുകളെ ഇന്ത്യ വിലമതിക്കുന്നതായും അദ്ദേഹം ഉച്ചകോടിയുടെ ഭാഗമായി നടന്ന പ്രതിരോധ മന്ത്രിമാരുടെ യോഗത്തില്‍ പറഞ്ഞു.
എസ്.സി.ഒ രാജ്യങ്ങളില്‍ സ്ഥിരതയും സുരക്ഷയും സമാധാനവും നിലനിര്‍ത്തുന്നതിന് വിശ്വാസം, സഹകരണം, അക്രമരാഹിത്യം, അന്താരാഷ്ട്ര നിയമങ്ങളോടുള്ള ബഹുമാനം, മറ്റുള്ളവരുടെ വികാരങ്ങള്‍ മാനിക്കല്‍, അഭിപ്രായവ്യത്യാസങ്ങള്‍ സമാധാനപരമായി പരിഹരിക്കല്‍ തുടങ്ങിയവ ആവശ്യമാണ്. അതിര്‍ത്തിയില്‍ ഇന്ത്യ-ചൈന സൈനികര്‍ തമ്മില്‍ നിലനില്‍ക്കുന്ന സംഘര്‍ഷാവസ്ഥയുടെ പശ്ചാത്തലത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവന. ചൈനീസ് പ്രതിരോധമന്ത്രി വേയ് ഫെന്‍ഹെയും ഈ യോഗത്തില്‍ പങ്കെടുത്തിരുന്നു.
പാരമ്പര്യ, പാരമ്പര്യേതര ഭീഷണികളെ നേരിടുന്നതിന് സുസ്ഥിരമായ ശേഷി ആവശ്യമാണ്. തീവ്രവാദം, മയക്കുമരുന്ന് കടത്ത്, മറ്റു കുറ്റകൃത്യങ്ങള്‍ എന്നിവയെ നമുക്ക് നേരിടേണ്ടതുണ്ട്. ഇന്ത്യ എല്ലാ വിധത്തിലുമുള്ള തീവ്രവാദത്തെയും അപലപിക്കുന്നു. അന്താരാഷ്ട്ര നിയമങ്ങള്‍ അടിസ്ഥാനമാക്കിയുള്ള സുതാര്യവും എല്ലാവരെയും ഉള്‍ക്കൊള്ളുന്നതുമായ ഒരു ആഗോള സുരക്ഷാ സംവിധാനത്തിനാണ് ഇന്ത്യ ശ്രമിക്കുന്നതെന്നും രാജ്‌നാഥ് സിങ് പറഞ്ഞു.
Content Highlights: Rajnath says non-aggression key to ensure regional stability
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..