ചെന്നൈ: ഇരയും പ്രധാനപ്രതിയും മരിച്ച് വര്‍ഷങ്ങള്‍ക്ക് ശേഷം പ്രതികളെയെല്ലാം വെറുതെവിട്ടുകൊണ്ട് കോടതി ഉത്തരവ്‌.

നടന്‍ രാജ്കുമാറിനെ 18 വര്‍ഷം മുമ്പ് തട്ടിക്കൊണ്ടുപോയ കേസില്‍ വീരപ്പനടക്കമുള്ള ഒമ്പതു പ്രതികളെയും വെറുതെ വിട്ടു. ഈറോഡിലെ ഗോബിചെട്ടിപ്പാളയം കോടതിയാണ് കേസില്‍ വിധി പറഞ്ഞത്. വീരപ്പനും കേസില്‍ പ്രതികളായ രണ്ടു കൂട്ടാളികളും രാജ്കുമാറും വര്‍ഷങ്ങള്‍ക്ക് ശേഷം കേസില്‍ വിധി പറഞ്ഞപ്പോള്‍ ജീവിച്ചിരിപ്പില്ല എന്നതാണ് പ്രത്യേകത. 

വീരപ്പനും കൂട്ടാളികള്‍ക്കുമെതിരെ മതിയായ തെളിവുകള്‍ ഹാജരാക്കാന്‍ പ്രോസിക്യൂഷന് ആയില്ലെന്ന് അഡീഷണല്‍ ജില്ലാ ജഡ്ജി മണി വിധിച്ചു. വിചാരണ വേളയില്‍ രാജ്കുമാറിന്റെ ബന്ധുക്കളാരും കോടതിയില്‍ ഹാജരായില്ലെന്നും ജഡ്ജി വിധിപ്രസ്താവനത്തിനിടെ പറഞ്ഞു. 

പ്രത്യേക ദൗത്യസംഘവുമായുള്ള ഏറ്റുമുട്ടലില്‍ 2004 ലാണ് വീരപ്പന്‍ കൊല്ലപ്പെട്ടത്‌. 2006 ല്‍ രാജ്കുമാറും മരിച്ചു. 2000 ജൂലായ് 30-നാണ് തലവടിയിലെ ധൊഢ ഗജ്‌നൂര്‍ ഗ്രാമത്തിലുള്ള ഫാം ഹൗസില്‍ കുടുംബത്തോടൊപ്പം തങ്ങുകയായിരുന്ന രാജ്കുമാറിനെ തട്ടിക്കൊണ്ടുപോയത്. 108 ദിവസം വനത്തില്‍ തടങ്കലില്‍ പാര്‍പ്പിച്ച രാജ്കുമാറിനെ നവംബര്‍ 15-നാണ് വിട്ടയച്ചത്. 

രാജ്കുമാറിനെ തട്ടിക്കൊണ്ടുപോയത്‌ ഏറെ രാഷ്ട്രീയ കോളിളക്കം സൃഷ്ടിച്ചിരുന്നു. തമിഴ്‌നാടും കര്‍ണാടകയും തമ്മിലുള്ള ബന്ധത്തില്‍ വിള്ളല്‍ വീഴ്ത്തുന്നതിനും ഇതിടയാക്കിയിരുന്നു.