ന്യൂഡല്‍ഹി: "പാര്‍ലമെന്‌റിന്‌റെ ചരിത്രത്തില്‍ തന്നെ ആദ്യ സംഭവമാകും ഇത്. പാലമെന്‌റ് സ്റ്റാന്‍ഡിങ് കമ്മിറ്റി അംഗങ്ങള്‍ക്ക് പറക്കാന്‍ പൈലറ്റായി മറ്റൊരു എം.പി!" പൈലറ്റ് പറഞ്ഞു നിര്‍ത്തിയതും വിമാനത്തില്‍ കൈയ്യടി ഉയര്‍ന്നു.

എംപി രാജീവ് പ്രതാപ് റൂഡിയാണ് ആ വിഐപി പൈലറ്റ്. യാത്രക്കാരും വി.ഐ.പികള്‍ തന്നെ. 

ശനിയാഴ്ചയാണ് പാര്‍ലമെന്‌റിന്‌റെ വ്യോമയാന സ്റ്റാന്‍ഡിങ് കമ്മറ്റി അംഗങ്ങളായ എം.പിമാര്‍ യാത്രക്കാരായെത്തിയ എയര്‍ബസ് 320-321 വിമാനത്തില്‍ രാജീവ് പ്രതാപ് റൂഡി പൈലറ്റ് വേഷത്തിലെത്തിയത്. കഴിഞ്ഞ ദിവസം ദയാനിധിമാരന്‍ എം.പി സഞ്ചരിച്ച വിമാനത്തില്‍ അദ്ദേഹത്തെ പൈലറ്റ് വേഷത്തില്‍ അമ്പരപ്പിച്ച റൂഡി തന്നെയാണ് ഈ യാത്രയുടെ വീഡിയോ തന്‌റെ ട്വീറ്റര്‍ അക്കൗണ്ടില്‍ പങ്കുവച്ചത്. 

സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണും ടി.ഡി.പി എം.പിയുമായ ടി.ജി വെങ്കടേഷ്, രാജ്യസഭാ എം.പിയും ബിഹാര്‍ മുന്‍ ഉപമുഖ്യമന്ത്രിയുമായ സുശീല്‍ കുമാര്‍ മോദി, തിരത് സിങ് റാവത്ത് എം.പി, ബി.ജെ.പി നേതാവ് മനോജ് തിവാരി എന്നിവരായിരുന്നു യാത്രക്കാരില്‍ ചിലര്‍. 

യാത്രക്കാരെ സ്വാഗതം ചെയ്തതിനു പിന്നാലെ ക്യാബിന്‍ ക്രൂവിനെ പരിചയപ്പെടുത്തി റൂഡി ഗൗരവക്കാരനായ പൈലറ്റായി കോക്ക്പിറ്റിലെത്തി.

Content Highlights: Rajiv Pratap Rudy MP Flies MP's Civil Aviation Panel, Shares Video